വെഞ്ഞാറമൂട്: ബഡ്ജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ. ടൂർ പാക്കേജുകൾ രണ്ടു വർഷം പിന്നിടുമ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. കുറഞ്ഞ ചെലവിൽ സുരക്ഷിതവും, രസകരവുമായ യാത്ര സാദ്ധ്യമാക്കുന്നതിൽ വെഞ്ഞാറമൂട് ഡിപ്പോ.
ജീവനക്കാരുടെ സഹകരണമാണ് പ്രധാന ഘടകം. പല പക്കേജുകൾക്കും സീറ്റ് ലഭിക്കുന്നില്ലെന്ന പരാതി മാത്രമാണുള്ളതെന്നും യാത്രക്കാർ പറയുന്നു. വിവിധ പാക്കേജുകളുണ്ടെങ്കിലും മൂന്നാർ, ഗവി ട്രിപ്പുകളാണ് ഏറ്റവും ഹിറ്റ്. ചെലവ് കുറവാണെന്നതാണ് ബഡ്ജറ്റ് ടൂറിസം തിരഞ്ഞെടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.
ശബരിമല സീസൺ വരവായതോടെ ശബരിമല പാക്കേജുകൾക്ക് വൻ ഡിമാന്റാണ്. ഇരുന്നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന വെഞ്ഞാറമൂട് ബഡ്ജറ്റ് ടൂറിസംസെൽ ജീവനക്കാരെ ആദരിക്കുന്നതിന് സഹയാത്രികർ ഒരുങ്ങുകയാണ്. നാളെ ഉച്ചയ്ക്ക് 2.30ന് നെല്ലനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന സഹയാത്രികരുടെ സ്നേഹാദരവ് പരിപാടി കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്യും.
സഹയാത്രികരായ ഷൈലജ കുമാരി, ഉണ്ണി ഇരിയനാട്, സന്തോഷ് ജെ.വി, ആർ.ഗോപകുമാർ, വിക്രമൻ പിള്ള, സാവിത്രി, നിസ്സാർ കല്ലറ, വിഷ്ണു. എസ് തുടങ്ങിയർ പക്കെടുക്കും.