മുടപുരം: കിഴുവിലം പഞ്ചായത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിറുത്തലാക്കിയതോടെ ദുരിതവും തുടങ്ങി. നിറുത്തലാക്കിയ എല്ലാ ബസുകളും ഉടൻ പനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നാല് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്ന കോരാണി- ചിറയിൻകീഴ് റൂട്ടിൽ ഒരെണ്ണം മാത്രമാണ് പുനഃരാരംഭിച്ചത്. രാവിലെ ചിറയിൻകീഴ് നിന്ന് കോരാണി വഴി കിഴക്കേകോട്ടയിലേക്കും വൈകുന്നേരം തിരിച്ചുമാണ് സർവീസ്. അതും നാല് ട്രിപ്പിൽ നിന്ന് രണ്ടായി കുറച്ചു.
എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആർ.ടി.ഒ വിളിച്ചുചേർത്ത യോഗത്തിൽ കിഴുവിലം പഞ്ചായത്തുവഴി സർവീസ് നടത്തിയിരുന്ന എല്ലാ ബസുകളുടെയും സർവീസുകൾ പുനരാരംഭിക്കണമെന്നും യാത്രാക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലൂടെ 8 പുതിയ സർവീസുകൾ കൂടി ആരംഭിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ആവശ്യപ്പെടുകയും ഇതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ നടപടി ഉണ്ടായില്ല.
വില്ലനായി കൊവിഡ്
കിഴുവിലം,ചിറയിൻകീഴ്,കുറക്കട,മുടപുരം,മുട്ടപ്പലം എന്നിവിടങ്ങളിലൂടെ സർവീസ് നടത്തിയിരുന്ന അഞ്ചിലധികം ബസുകൾ കൊവിഡുകാലത്ത് നിറുത്തിയിരുന്നു. നിയന്ത്രണങ്ങൾ മാറിയിട്ടും ഇവ പുനരാരംഭിച്ചില്ല. മികച്ച കളക്ഷൻ ലഭിച്ചിരുന്ന തിരുവനന്തപുരത്തേക്കുള്ള ബസ് നിറുത്തിയതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
രാത്രിയാത്ര ദുരിതം
പുതുതായി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച് നടപ്പിലാക്കിയ പുതിയ ബസുകളിൽ ഒന്നുപോലും ചിറയിൻകീഴിൽ അനുവദിച്ചിട്ടില്ല. നാഷണൽ ഹൈവേയിലൂടെ വരുന്ന യാത്രക്കാർ രാത്രി കോരാണി ജംഗ്ഷനിൽ ഇറങ്ങിയാൽ 8 മണിക്കു ശേഷം ചിറയിൻകീഴിലേക്ക് പോകാൻ ബസില്ല. അതിനാൽ യാത്രക്കാർ ഒാട്ടോയെ ആശ്രയിക്കണം.
ചിറയിൻകീഴ് - കോരാണി വഴി നേരത്തെ ഉണ്ടായിരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ഉടൻ പുനഃരാരംഭിക്കണം.
ഒപ്പം മറ്റ് റോഡുകൾ വഴി പുതിയ സർവീസുകളും ആരംഭിക്കണം -- എ.അൻവർഷ ( സി.പി.ഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി )