
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും സി.പി.എമ്മിലേക്ക് വരുന്നവരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആക്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് വ്യക്തിപരമായി വിമർശിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പിയിലേക്ക് പോകുന്നവരെ അദ്ദേഹം വിമർശിക്കുന്നില്ലെന്നും റിയാസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രാഷ്ട്രീയപരമായി ഉയർത്തിയ ചോദ്യങ്ങൾക്ക് പ്രതിപക്ഷനേതാവ് പിച്ചും പേയും പറയുകയാണ്. അദ്ദേഹത്തിനെതിരെ രാഷ്ട്രീയമായുള്ള വിമർശനം ഇനിയും തുടരും. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കുമെന്നും കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ബി.ജെ.പിയുടെ അണ്ടർ കവർ ഏജന്റുമാരാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി യോഗ്യരായിരിക്കും. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.