under-passage

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസിൽ തോട്ടവാരത്ത് പുതിയതായി അണ്ടർപാസേജ് അനുവദിച്ചതായി അറിയിപ്പെത്തിയതോടെ നാട്ടുകാർക്കിടയിൽ ആഹ്ലാദവും ആശങ്കയും. ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ തോട്ടവാരം നദിക്കരയിലെ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇവർക്ക് ബൈപ്പാസിൽ എത്തണമെങ്കിൽ ഒന്നരക്കിലോമീറ്റർ താണ്ടി കൊല്ലമ്പുഴയെത്തണം. ഈ മേഖല നദിക്കരയിലായതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. ഇത്തരം സന്ദർഭങ്ങളിൽ ആളുകൾക്ക് പുറമേ ആടുമാടുകളെയും വീടുകളിലെ വളർത്തുകോഴികളെയും വളർത്തുനായ്ക്കളെയും ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ടാകും. പരിസരവാസികൾ അടൂർ പ്രകാശ് എം.പിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ഇവിടെ പുതിയ അണ്ടർ പാസേജിന് വഴിതെളിഞ്ഞത്. 5 മീറ്റർ വീതിയും മൂന്ന് മീറ്റർ ഉയരത്തിലുമാണ് നിർദ്ധിഷ്ട അണ്ടർ പാസേജ്.

ആശങ്കയെന്ത് ?

അണ്ടർപാസേജ് യാഥാർത്ഥ്യമാകുമ്പോൾ മാർക്കറ്റ് റോഡ് - തോട്ടവാരം പി.ഡബ്ലിയു.ഡി റോഡ് ബൈപ്പാസിൽ നിന്ന് ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് ബൈപ്പാസിലോ, സർവീസ് റോഡിലോ കയറാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. അണ്ടർപാസേജിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാൻ കഴിയൂ എന്നതും അശങ്കയ്ക്ക് കാരണമാകുന്നു. ബൈപ്പാസിലെ സമീപത്തെ പാലത്തിന്റെ പണി പുരോഗമിക്കുന്നതിനാൽ ഈ മേഖലയിൽ പുതിയ വഴി തുറക്കുന്നത് പ്രായോഗികമല്ലെന്നും ദേശീയപാതാ അധികൃതരും വ്യക്തമാക്കി.