
പഴവങ്ങാടി തകരപ്പറമ്പ് പദ്മവിലാസം റസിഡന്റ്സ് അസോസിയേഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം സമയബന്ധിതമായി നീക്കണമെന്ന ആവശ്യവുമായി പഴവങ്ങാടി തകരപ്പറമ്പ് പദ്മവിലാസം റസിഡന്റ്സ് അസോസിയേഷൻ. തോടിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഈ റസിഡന്റ്സ് അസോസിയേഷൻ പരിധിയിലൂടെയാണ്.
തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം ലഭിച്ചതും ഈ ഭാഗത്തു നിന്നാണ്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് അന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് തോട് പേരിന് വൃത്തിയാക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ല. മാലിന്യം മാറ്റി തോട് വൃത്തിയാക്കിയെന്ന് നഗരസഭയും മറ്റ് വകുപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ദിവസവും തോട്ടിലേക്കെത്തുന്ന മാലിന്യത്തിന്റെ അളവ് വർദ്ധിക്കുകയാണെന്നാണ് ഇവരുടെ പരാതി.
ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് എതിർവശം, പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ കടന്നുപോകുന്ന ഭാഗം,തകരപ്പറമ്പ് എന്നിവിടങ്ങളിൽ ചാക്കുകളിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. പഴവങ്ങാടി-തകരപ്പറമ്പ് ഭാഗത്തെ അരക്കിലോമീറ്റർ ദൂരത്തിൽ നിന്ന് ഏഴുലോഡ് മാലിന്യമാണ് കുറച്ച് നാളുകൾക്ക് മുമ്പ് നീക്കിയത്.
അന്ന് മഴയിൽ കുറേ മാലിന്യം ഒഴുകിപ്പോയെങ്കിലും വീണ്ടും മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ പലയിടങ്ങളിലും വേലി ഉയർത്തിക്കെട്ടിയിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ ഇത് പൊളിഞ്ഞുകിടക്കുകയാണ്. ഈ ഭാഗത്തുകൂടിയാണ് മാലിന്യമിടുന്നത്. നഗരസഭ അധികൃതരോട് പറയുമ്പോൾ അവർ വൃത്തിയാക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപം തടയാനുള്ള നടപടിയായിട്ടില്ല. നിരവധി കുടുംബങ്ങൾ താമസിക്കുന്ന റസിഡന്റ്സ് അസോസിയേഷൻ പരിധിയിലെ പ്രധാന പ്രശ്‌നമാണിത്. മാലിന്യം കുമിഞ്ഞുകൂടുന്നത് പകർച്ചവ്യാധികൾക്കും കാരണമാകുന്നുണ്ട്. അധികൃതർ പ്രശ‌്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
അനധികൃത പാർക്കിംഗ് ഒഴിവാക്കണം
പഴവങ്ങാടിയിൽ നിന്ന് തകരപ്പറമ്പിലേക്ക് വരുന്ന റോഡിന്റെ വശങ്ങളിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നാണ് മറ്റൊരാവശ്യം. ഇതുകാരണം തിരക്കുള്ള റോഡിൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പഴവങ്ങാടി തകരപ്പറമ്പ് പദ്മവിലാസം റസിഡന്റ്സ് അസോസിയേഷൻ
സെക്രട്ടറി ആർ.സുലേഖ,പ്രസിഡന്റ് എ.കെ.മുരളീധരൻ നായർ