local-body-election-resul

തിരുവനന്തപുരം : രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് പേരാട്ടത്തിൽ ഭരണ- പ്രതിപക്ഷങ്ങൾ കൊമ്പു കോർക്കുമ്പോൾ ഉന്നയിക്കാൻ വിഷയങ്ങളനവധി.

നവീൻ ബാബുവിന്റെ ആത്മഹത്യയടക്കം പ്രചാരണരംഗത്ത് ചർച്ചയാവും. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ പി.വി. അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള(ഡി.എം.കെ) മാറ്റുരയ്ക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വച്ചാവും യു.ഡി.എഫ് ആക്രമണം. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഉൾപ്പെടുന്ന ഓഫീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളും, മകൾ വീണയ്‌ക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും ഇതിൽപ്പെടും. എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച്യും തൃശ്ശൂർ പൂരം കലക്കലും

സി.പി.എം-ബി.ജെ.പി ബാന്ധവവും വിഷയങ്ങളാവും. കരുവന്നൂർ ബാങ്ക് തട്ടിപ്പും ഇ.ഡി കേസുകളിലെ അന്വേഷണം ഇഴയുന്നതും ചേലക്കരയിൽ ഉന്നയിക്കും.

കോൺഗ്രസിൽ നിന്നെത്തിയ ഡോ. പി. സരിൻ എന്ന സ്ഥാനാർത്ഥിയെ മുൻനിറുത്തി പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളെ നേരിടാനാവും സി.പി.എം ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ബി.ജെ.പി - യു.ഡി.എഫ് ഡീലെന്ന ആരോപണം സരിന്റെ സഹായത്തോടെ സി.പി.എം ഉയർത്തിക്കഴിഞ്ഞു. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുള്ള അൻവറിന്റെ പാർട്ടിയിലേക്ക് ഏത് മുന്നണിയുടെ വോട്ടുകളാവും ചോരുകയെന്നും കണ്ടറിയണം.

വികസന വിഷയങ്ങളിൽ ഊന്നിയാവും ബി.ജെ.പിയുടെ പ്രചാരണം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊച്ചി-ബംഗളൂരുർ വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട് വ്യവസായ സ്മാർട്ട് പദ്ധതി ഉയർത്തിക്കാട്ടും. മികച്ച സ്ഥാനാർത്ഥിയെ നിറുത്തി പാലക്കാട് സീറ്റ് പിടിക്കുന്നതിലാവും മുഖ്യ ശ്രദ്ധ.