തിരുവനന്തപുരം: പി.ടി.പി നഗർ ജലസംഭരണിയിൽ നിന്ന് കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം പൈപ്പ് ലൈനിന്റെ ചോർച്ച പരിഹരിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നു. പാങ്ങോട് ഹനുമാൻ ക്ഷേത്രത്തിനു സമീപം രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള പണി ഇന്നലെ ഉച്ചയോടെ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ പൂർത്തിയാക്കുമെന്നാണ് സൂചന. ആറന്നൂർ, പൂജപ്പുര, മുടവൻമുകൾ, കരമന, കാലടി, തൃക്കണ്ണാപുരം, തിരുമല, വലിയവിള, പി.ടി.പി നഗർ, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ഇതേ തുടർന്ന് ഇന്നലെ കുടിവെള്ളം മുടങ്ങിയിരുന്നു. പേരൂർക്കട ജലസംഭരണിയിൽ നിന്നുള്ള 700 എം.എം പൈപ്പ്ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള പണികൾ ഇന്ന് രാത്രി മുതൽ ആരംഭിക്കും. പൊതുവേ തിരക്കുള്ള പ്രദേശമായതിനാലാണ് പേരൂർക്കടയിലെ പണി രാത്രി ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. പൈപ്പ്ലൈൻ സ്ഥാപിച്ചിടത്ത് കുഴിച്ചു നോക്കിയാലേ ചോർച്ചയുടെ കാരണം വ്യക്തമാകൂ. ഇതനുസരിച്ചേ എത്ര ദിവസം കൊണ്ട് പണി പൂർത്തിയാകുവെന്ന് പറയാൻ കഴിയൂ. ജോയിന്റിലാണ് പ്രശ്നമെങ്കിൽ അധികസമയമെടുക്കാതെ പണി പൂർത്തിയാക്കാം. 20ന് രാത്രിയോടെ പണികൾ പൂർത്തീകരിക്കുമെന്നാണ് സൂചന.

കുടിവെള്ളം മുടങ്ങും

പേരൂർക്കട, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പൊട്ടക്കുഴി, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലമുക്ക്, മുറിഞ്ഞപാലം, ഉള്ളൂർ എന്നിവിടങ്ങളിൽ ഇന്ന് കുടിവെള്ളം മുടങ്ങും. പലയിടത്തുമുള്ള ചോർച്ചയ്ക്കൊപ്പം സ്മാർട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പണികൾ നടക്കുന്നതിനാൽ 25വരെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും.