മലയിൻകീഴ്: കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പദ്ധതി സംബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സാഹചര്യം വിലയിരുത്തിയായിരുന്നു തീരുമാനം.

ഇതുസംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കുകയും ചെയ്തു.പത്ത് ലക്ഷം രൂപയ്ക്ക് മുകളിലും അതിനു താഴെയുമുള്ള തുക വായ്പ എടുത്തവർ,വ്യക്തിഗത വായ്പകളിലെ ജാമ്യക്കാർ റിട്ടയർ ചെയ്ത വായ്പകൾ,ഒരു ലക്ഷം രൂപയ്ക്ക് താഴെ വിതരണം ചെയ്തിട്ടുള്ള വ്യക്തിഗത വായ്പകൾ,വായ്പക്കാർ മരണപ്പെട്ട വായ്പകൾ,മാരകമായ രോഗം ബാധിച്ച വായ്പക്കാർ എടുത്തിട്ടുള്ള വായ്പകൾ എന്നിവയ്ക്കാണ് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹതയുള്ളത്.കണ്ടല ബാങ്കിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചിരുന്നു.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതല ഏറ്റെടുത്തശേഷം കേരള ബാങ്കിന്റെ സഹായത്തോടെ സ്വർണപ്പണയ വായ്പ പുനഃരാരംഭിച്ചിരുന്നു.