കോവളം: ഒരുകാലത്ത് പ്രൗഢിയോടെ നിന്ന ജില്ലയിലെ കൈത്തറി നെയ്ത്ത് വ്യവസായ മേഖല ഇന്ന് നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലാണ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നെയ്ത്ത് തറികളിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശബ്ദമിപ്പോൾ അധികം കേൾക്കാനില്ല. പൊതുസ്ഥലങ്ങളിലുണ്ടായിരുന്ന നെയ്ത്തിനുള്ള പാവുണക്കും വീടുകൾ തോറുമുള്ള താരുചുറ്റും ഇന്ന് അപൂർവ കാഴ്ചയായി മാറി. കഴിഞ്ഞ നാല് പതിറ്റാണ്ട് മുൻപു വരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ മേഖലയെ കൂലിക്കുറവും പവർ ലൂമിൽ നിന്നുള്ള മത്സരവുമാണ് പാടേ തകർത്തത്. പുതിയ തലമുറ നെയ്ത്തിലേക്ക് കടന്നുവരാത്ത അവസ്ഥയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജില്ലയിൽ കൈത്തറി മേഖലയിൽ 450ഓളം പ്രാഥമിക സഹകരണ സംഘങ്ങളുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 240 സംഘങ്ങൾ മാത്രമാണുള്ളത്. കൈകൊണ്ട് യന്ത്രസഹായമില്ലാതെ നെയ്‌തെടുക്കുന്ന മുണ്ടുകൾ, തോർത്തുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ എന്നിവയ്ക്ക് നല്ല ഡിമാൻഡുണ്ടെങ്കിലും തൊഴിലാളികൾക്ക് ന്യായമായ വേതനം ലഭിക്കാറില്ല. വിവിധ പ്രദേശങ്ങളിൽ കൈത്തറി സഹകരണ സംഘങ്ങളിലൂടെയാണ് നിലവിൽ നെയ്ത്തും വസ്ത്രങ്ങളുടെ ഉത്പാദനവും വില്പനയും നടക്കുന്നത്.
തിരിച്ചടി നേരിടുന്നു
ബാലരാമപുരം, കോട്ടുകാൽ, പെരിങ്കടവിള പഞ്ചായത്തിലെ നെയ്ത്തുകാർ ഭൂരിഭാഗവും ഈ മേഖലയിൽനിന്ന് പിൻമാറിക്കഴിഞ്ഞു. കൈത്തറി വസ്ത്രത്തിന് ആവശ്യക്കാർ കുറഞ്ഞതും ആധുനിക യന്ത്രത്തിൽ ഉത്പാദിപ്പിക്കുന്ന വസ്ത്രത്തിന്റെ വിലക്കുറവും ഡിമാൻഡ് വർദ്ധിച്ചതും പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
തിരിഞ്ഞുനോക്കാതെ
പുതുതലമുറ
നാടൻ കൈത്തറി യന്ത്രത്തിൽ ഒരു ദിവസം പണിയെടുത്താൽ രണ്ട് മുണ്ടുകൾ നെയ്തെടുക്കാം. 300 മുതൽ 400 വരെയാണ് ഇതിനുള്ള കൂലി. ജീവിതനിലവാരം വർദ്ധിച്ച സാഹചര്യത്തിൽ പുതുതലമുറ ഈ രംഗത്തും വരാതെയായി. നെയ്ത്ത് സംഘങ്ങളിൽ അത്യാധുനിക നെയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയാൽ ശേഷിക്കുന്ന തൊഴിലാളികളെയെങ്കിലും സംരക്ഷിക്കാനാകുമെന്ന് ആദ്യകാല നെയ്ത്തുകാർ പറയുന്നു. നൂൽ നിർമ്മാണം മുതൽ നെയ്തെടുക്കുന്നതു വരെയുള്ള മേഖലയും നെയ്ത്ത് കഴിഞ്ഞ് വസ്ത്രങ്ങൾ വില്പന കേന്ദ്രങ്ങളിലെത്തിക്കുന്ന മേഖലയും സജീവമാക്കാൻ സർക്കാർ രംഗത്തിറങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നെയ്ത്തുകാരുടെ കൂലി - 300 മുതൽ 400 വരെ
തകർച്ചയ്ക്ക് കാരണം
കൂലി കുറവ്
നൂലിന്റെയും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും വില വർദ്ധന
അത്യാധുനിക യന്ത്രങ്ങളുടെ വരവ്