
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക ജീവിതാശയങ്ങൾക്ക് ഗുജറാത്തിൽ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്ന അഹമ്മദാബാദ് കേന്ദ്രമായ ശ്രീനാരായണ കൾച്ചറൽ മിഷന്റെ തീർത്ഥയാത്രാസംഘത്തിന് ശിവഗിരിയിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.മിഷന്റെ എട്ടാമത് ശ്രീനാരായണ തീർത്ഥാടനമാണിത്.
ശ്രീനാരായണ കൾച്ചറൽ മിഷൻ, 4500 ഓളം അംഗങ്ങളുള്ള മിഷൻ ഗുജറാത്തിൽ 8000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളും കോളേജും ശിവഗിരി മാതൃകയിലുള്ള ക്ഷേത്രവും നടത്തുന്നുണ്ട്. കൂടാതെ ആയുർവേദ ഡിസ്‌പെൻസറി, ശ്രീനാരായണ ഗുരു ക്രെഡിറ്റ് ആൻഡ് സപ്ലൈ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങളും നടത്തുന്നുണ്ട്.
മിഷൻ പ്രസിഡന്റ് കെ.ആർ.എസ്.ധരൻ,സെക്രട്ടറി കെ.എൻ മുരളീധരൻ,ട്രസ്റ്റി വി.വിശ്വനാഥൻ,ജോയിന്റ് സെക്രട്ടറി അശോകൻ കാരായി എന്നിവരുടെ നേതൃത്വത്തിൽ 45അംഗ സംഘമാണ് ഇന്നലെ ശിവഗിരിയിലെത്തിയത്. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുമായി സംഘം സംസാരിക്കുകയും ആത്മീയ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.14ന് ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം ഗുരുപാദസ്പർശമേറ്റ സംസ്ഥാനത്തെ പുണ്യകേന്ദ്രങ്ങൾ സന്ദർശിച്ച് 22ന് മരുത്വാമലയിൽ സമാപിക്കും.