പോത്തൻകോട്: സ്ഥലമേറ്റെടുത്ത് കല്ലിട്ട് തിരിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാകാതെ പൗഡിക്കോണം - ശ്രീകാര്യം ഹൈടെക് റോഡ് പദ്ധതി അനന്തമായി നീളുന്നു.കേരളാദിത്യപുരം പാലം വരെയുള്ളവരുടെ വസ്തുക്കൾ പൊന്നും വിലയ്ക്കെടുത്ത് തുക കൈമാറിയിട്ട് രണ്ട് വർഷമായി.എന്നാൽ പാലം മുതൽ സൊസൈറ്റി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കല്ലിടലും അടിക്കടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് രേഖകൾ വാങ്ങിക്കൊണ്ടുപോകുന്നതുമല്ലാതെ തുകകൾ കൈമാറുന്ന നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഓരോ തവണയും പല ഉദ്യോഗസ്ഥർ വന്ന് സ്ഥലമളക്കുകയും രേഖകൾ വാങ്ങിക്കൊണ്ട് പോകുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട റീച്ചിലെ അലൈൻമെന്റിൻ ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും നിരവധി ബസ് ബേകൾ ഉൾപ്പെടുത്തിയത് ആക്ഷേപം ഉയർന്നതിനെ തുടർന്ന് മാറ്റിയിരുന്നു.രണ്ടാം റീച്ചിലും സ്ഥലമേറ്റെടുപ്പ് ഇപ്പോഴും പാതിവഴിയിലാണ്.
ഒട്ടും വീതിയില്ലാത്ത ഈ റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമായതോടെയാണ് റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചത്.ആധുനിക രീതിയിൽ വീതി കൂട്ടി ബി.എം ആൻഡ് ബി.സി പദ്ധതിപ്രകാരമാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് പറഞ്ഞിരുന്നത്.മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം വരെയായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. പിന്നീട് ശ്രീകാര്യം ജംഗ്‌ഷൻ വരെ നീട്ടുകയായിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അനുവദിച്ചത് - 41.8 കോടി
ആദ്യഘട്ടം; മണ്ണന്തല -കേരളാദിത്യപുരം -പൗഡിക്കോണം വരെ
രണ്ടാംഘട്ടം; സൊസൈറ്റി ജംഗ്ഷൻ മുതൽ ശ്രീകാര്യം വരെ
ശ്രീകാര്യത്തു നിന്ന് പോത്തൻകോട് ഭാഗത്തേക്കും മണ്ണന്തല ഭാഗത്തേക്കും എളുപ്പത്തിലെത്താൻ കഴിയുന്നതിനാൽ നൂറുക്കണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
പറഞ്ഞിരുന്നത്
രണ്ടുവർഷം മുൻപാണ് സ്ഥലമേറ്റെടുക്കൽ നടപടികളാരംഭിച്ചത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഹൈടെക് മാതൃകാ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
രണ്ടുവരിപ്പാതയായി വികസിപ്പിക്കുന്ന റോഡിൽ ഇരുവശത്തും ഓടകളും ഫുട്ട്പാത്തുകളും ആധുനിക റോഡ് മാർക്കുകളും സിഗ്നൽ സ്റ്റഡുകളും ദിശാബോർഡുകളും സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.
ഫണ്ട് അനുവദിച്ചെങ്കിലും
2017-18 ബഡ്ജറ്റിൽ ഭരണാനുമതി ലഭിക്കുകയും റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും മറ്റുമായി 200 കോടി അനുവദിക്കുകയും ചെയ്തിരുന്നു.രണ്ട് ഘട്ടമായി 14 മീറ്റർ വീതിയിലും 6.71 കിലോമീറ്റർ ദൈർഘ്യത്തിലും നിർമ്മിക്കുന്ന റോഡിന് 80.42 കോടി രൂപയാണ് വകയിരുത്തിയത്.
ക്യാപ്‌ഷൻ: മണ്ണന്തല - കേരളാദിത്യപുരം റോഡ്