പാങ്ങോട് :പാങ്ങോട് മന്നാനിയ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ സംഘർഷം.പാങ്ങോട് എസ്.എച്ച്.ഒ, പൊലീസുകാർ,പഞ്ചായത്ത് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു എസ്.എഫ്.ഐ നേതാക്കളടക്കം നിരവധി പേർക്ക് പരിക്കുപറ്റി. പരിക്കേറ്റവർ പാലോട് സർക്കാർ ആശുപത്രി, വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ്, കടയ്ക്കൽ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമിതിലക്, കെ.എസ്. യു ജില്ലാ സെക്രട്ടറി അഷ്‌ക്കർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിഷാദ്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അൻഷാദ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അൽ അമീൻ, മന്നാനിയാ കോളേജ് മുൻ ചെയർമാൻ നിഹാൽ എസ്.എഫ്.ഐ പ്രവർത്തകരായ വീണ , ശരത്, അഭിൻ രത്ന, ശ്രീനന്ദ്, അജിനുണ്ണി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം മന്നാനിയ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു എല്ലാ സീറ്റിലും ജയിച്ചിരുന്നു. തുടർന്ന് ഇവർ നടത്തിയ വിജയാഹ്ലാദത്തിനിടയിൽ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് പാങ്ങോട് പൊലീസ് പറയുന്നു. എന്നാൽ എസ്.എഫ്.ഐ പ്രവർത്തകർ പരാജയത്തിൽ മനം നൊന്ത് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് കെ.എസ്.യു ആരോപണം. അക്രമം അറിഞ്ഞെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് , കെ.എസ്.യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും കോൺഗ്രസ് ആരോപിക്കുന്നു. പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും പാങ്ങോട് സി.ഐ ജിനേഷ് , പൊലീസുകാരായ ദിലീപ് , വിനേഷ്, സുനിത, അക്ബർ ഷാ എന്നിവർക്ക് പരിക്കേറ്റു.സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പാങ്ങോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.എസ്.എഫ്.ഐ കാർക്കൊപ്പം ചേർന്ന് പൊലീസുകാരും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ.