election

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നെത്തിയ ഡിജിറ്റൽ മീഡിയ സെൽ മുൻ കൺവീനർ ഡോ.പി. സരിൻ പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിക്കും. ചേലക്കരയിൽ മുൻ എം.എൽ.എയും സി.പി.എമ്മിന്റെ യുവമുഖമുമായ യു.ആർ. പ്രദീപാണ് സ്ഥാനാർത്ഥി. ഇന്നലെ വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

സരിന് പാർട്ടി ചിഹ്നം നൽകണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളിയതോടെയാണ് ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനമായത്. പാലക്കാട്ട് മത്സരം ബി.ജെ.പിയുമായാണെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഇടതുമുന്നണിയുടെ പ്രധാനശത്രു ബി.ജെ.പിയാണ്. പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാൻ ഡീലുണ്ടാക്കിയ യു.ഡി.എഫിനെയും പരാജയപ്പെടുത്തും.സി.പി.എമ്മും ഇടതുപക്ഷവും പ്രവർത്തിക്കുന്നത്‌ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. അതനുസരിച്ച് ആളുകളെ ഉൾക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യും. എന്തിനാണ് ആളുകൾ കാലു മാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.സുധാകരനും ആലോചിക്കണം. അതിന് പിന്നിൽ രാഷ്ട്രീയമാണ്. അങ്ങനെ മാറി വരുന്നവരെ ഉൾക്കൊള്ളുകയെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ്. രണ്ട് മണ്ഡലങ്ങളിലും പ്രബലരായ കോൺഗ്രസ് വിമത സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. പാലക്കാട് മത്സരിക്കുന്നത് മുമ്പ് യു.ഡി.എഫിന് വേണ്ടി ഒറ്റപ്പാലത്ത് മത്സരിച്ചയാളാണ്. ചേലക്കരയിൽ എൻ.കെ സുധീർ മുമ്പ് ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.

സരിന് പൊതുവോട്ടുകൾ കിട്ടുമെന്ന് ഉറപ്പാണെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ ഏറ്റെടുത്തെന്നും ഗോവിന്ദൻ പറഞ്ഞു. കെ. കരുണാകരനും, എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദുമൊക്കെയായി ചേർന്നു ഇടതുപക്ഷം മത്സരിച്ചിട്ടുണ്ട്. ഇവരെല്ലാം ഇടതുപക്ഷത്തെ വിമർശിച്ചിട്ടുണ്ട്. ഇടതുമുന്നണിക്ക് എക്കാലത്തും ശത്രുക്കളില്ല.ഓരോ കാലത്തേയും രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്.

എം.പിയായിരുന്ന കെ.മുരളീധരനെ മാറ്റി കെ.കെ. ശൈലജയ്ക്കെതിരെ മത്സരിക്കാൻ ഷാഫിപറമ്പിലിനെ വടകരയിലേക്കു കൊണ്ടുപോയപ്പോൾ തന്നെ ,പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടായാൽ അവിടെ ബിജെപിയുമായി ധാരണയുണ്ടെന്നു വ്യക്തമായിരുന്നു. കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ പോകുന്ന വിധിയാവും ഉണ്ടാവുക. മൂന്ന് സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..