തിരുവനന്തപുരം: മണിച്ചെയിൻ മാതൃകയിൽ നിക്ഷേപത്തട്ടിപ്പ്. 3 കോടിയോളം രൂപയാണ് നിരവധിപേർക്ക് നഷ്ടമായത്. പേട്ടയിൽ പ്രവർത്തിച്ചിരുന്ന എ.എസ്.കെ എക്സ്പോർട്ടിംഗ് ആൻഡ് ഇംപോർട്ടിംഗ് ഗ്രൂപ്പിൽ ബിസിനസ് പാർട്ണറാക്കാമെന്നും പണം നിക്ഷേപിച്ച് വൻതുക ലാഭവിഹിതം നേടാമെന്നും വിശ്വസിപ്പിച്ച് നിരവധിപേരെ കബളിപ്പിച്ചെന്നാണ് പരാതി.12 പേർ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വക്കം സ്വദേശി ചന്ദ്രൻ എന്നയാളിന് ഒന്നരകോടിയോളം രൂപയാണ് നഷ്‌ടമായതെന്നാണ് വിവരം. ഇദ്ദേഹം നൽകിയ പരാതിയെ തുടർന്ന് രണ്ട് മാനേജിംഗ് പാർട്ണർമാർക്കും മാനേജർക്കുമെതിരെ പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
2022 മുതലാണ് നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. മാസം തോറും വമ്പൻ ലാഭം കിട്ടുമെന്നായിരുന്നു പ്രലോഭനമെന്ന് പൊലീസ് പറയുന്നു. ഇങ്ങനെയാണ് സംഘം പണം വാങ്ങിയത്. ലാഭം മാത്രമല്ല, വലിയ നിക്ഷേപം നടത്തുന്ന വ്യക്തികൾക്ക് കമ്പനിയുടെ പാർട്ണർഷിപ്പിൽ പങ്കളിത്തവും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഹെർബൽപ്രോഡക്ട് വിപണി പിടിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വില്പന നടത്തി രാജ്യത്തെ മികച്ച സ്ഥാപനമാക്കുമെന്നായിരുന്നു വാഗ്ദാനം. പണം കൈപ്പറ്റിയ ശേഷം ഹെർബൽ ഉത്പന്നങ്ങൾ നിക്ഷേപർക്ക് നൽകിയിരുന്നു.നെറ്റ്‌വർക്ക് മാർക്കറ്റിംഗാണെന്ന് ബോദ്ധ്യപ്പെടുത്താനാണ് നൽകിയത്.
നിക്ഷേപം നടത്തിയാൽ മാസങ്ങൾക്കകം ലാഭം ലഭിച്ച് തുടങ്ങുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ഉറപ്പുനൽകിയിരുന്ന സമയത്തിനു ശേഷവും ലാഭം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.നിക്ഷേപിച്ച പണവും തിരികെ കിട്ടാതെയായി.ഇതോടെയാണ് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടത്.പണം നഷ്ടമായവർ പരാതിയുമായെത്തിയതിനെ തുടർന്ന് ഉടമകൾ സ്ഥാപനം പൂട്ടി മുങ്ങി.കൂടുതൽ പരാതികളുമായി കൂടുതൽ പേർ രംഗത്ത് വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.