
തിരുവനന്തപുരം: ഇത്തവണ യൂണിവേഴ്സിറ്റി കോളേജിൽ വിജയക്കൊടി പാറിച്ച എസ്.എഫ്.ഐ ഒരു പുതുചരിത്രം കൂടി കുറിച്ചു.158 വർഷത്തെ പാരമ്പര്യത്തിന്റെ തലയെടുപ്പിൽ നിൽക്കുന്ന കലാലയത്തെ നയിക്കാൻ ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ് ഫരിഷ്തയെ തിരഞ്ഞെടുത്തു. 1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. 14 സീറ്റിലേക്കുള്ള മത്സരത്തിൽ ഒമ്പത് പെൺകുട്ടികളുടെ പാനലാണ് ഇത്തവണയും എസ്.എഫ്.ഐ നിറുത്തിയത്. കോഴിക്കോട് സ്വദേശിയായ ഫരിഷ്ത രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥിനിയാണ്. ബാലസംഘം ഫറോക്ക് ഏരിയാ മുൻ പ്രസിഡന്റായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.എസ് സ്മിജയുടെയും മാദ്ധ്യമപ്രവർത്തകൻ എൻ.എസ് സജിത്തിന്റെയും മകളാണ്. കെ.എസ്.യു സ്ഥാനാർത്ഥി എ.എസ്. സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. എച്ച്.എൽ പാർവതി (വൈസ് ചെയർപേഴ്സൺ), ആബിദ് ജാഫർ (ജനറൽ സെക്രട്ടറി), ബി.നിഖിൽ (ആർട്സ് ക്ലബ് സെക്രട്ടറി), എസ്.അശ്വിൻ, എസ്.എസ് ഉപന്യ (യു.യുസിമാർ), പി.ആർ വൈഷ്ണവി (മാഗസിൻ എഡിറ്റർ), ആർ.ആർദ്ര ശിവാനി, എ.എൻ അനഘ (ലേഡിറെപ്പ്), എ.ആർ ഇന്ത്യൻ (ഫസ്റ്റ് യുജി റെപ്പ്), എം.എ. അജിംഷാ (സെക്കൻഡ് യുജി റെപ്പ്), വിസ്മയ വിജിമോൻ (തേർഡ് യു.ജി റെപ്പ്), എ.എ വൈഷ്ണവി (ഫസ്റ്റ് പി.ജി റെപ്പ്), ആർ.അശ്വഷോഷ് (സെക്കൻഡ് പി.ജി റെപ്പ്) എന്നിവരാണ് യൂണിയൻ പ്രതിനിധികളായി വിജയിച്ചത്.