കഴക്കൂട്ടം: ഓട്ടോ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം ചാലിൽ ലക്ഷംവീട്ടിൽ ഹാഷിമിനാണ് (40)കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹാഷിമും സുലൈമാനും തമ്മിൽ തർക്കമുണ്ടാവുകയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹാഷിമിനെ സുലൈമാൻ കൈയിൽ കരുതിയിരുന്ന പേപ്പർകട്ടറുപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിൽ ഗുരതരമായി കുത്തേറ്റ ഹാഷിമിനെ മറ്റു ഓട്ടോ ഡ്രൈവർമാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജിലേക്ക് മാറ്റി. അന്നനാളത്തിന് സാരമായ പരിക്കേറ്റ ഹാഷിം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണിയാപുരം ചാലിൽ ലക്ഷംവീട് സ്വദേശി സുലൈമാനെ (58) വധശ്രമത്തിന് പ്രതിയാക്കി മംഗലപുരം പൊലീസ് കേസെടുത്തു.