
തിരുവനന്തപുരം: സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോവുകയായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പൂജപ്പുര ചെങ്കള്ളൂർ മൈത്രി നഗറിലെ ശ്രീരാജാണ്(35) പൂജപ്പുര പൊലീസിന്റെ പിടിയിലായത്. വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ച് പെൺകുട്ടിയെ ഓട്ടോയിൽ കയറ്റുകയായിരുന്നു. തുടർന്ന് കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പൂജപ്പുര എസ്.എച്ച്.ഒ ഷാജിമോൻ, എസ്.ഐമാരായ സുധീഷ്, മംഗളഭാനു, എസ്.സി.പി.ഒ അനിൽകുമാർ, സിപി.ഒമാരായ ഉദയകുമാർ, അനീഷ്, അനുരാഗ്, വിനോദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.