തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.നന്തൻകോടുള്ള ബോർഡ് ആസ്ഥാനത്തിന് സമീപത്തെ രാജരാജേശ്വരി ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരൻ വിപിൻ കെ.പവിത്രനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനക്കാർ ഇദ്ദേഹത്തെ ഉടനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.വിപിൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

രാജരാജേശ്വരി ക്ഷേത്രത്തിലെ കഴകം ജീവനക്കാരി കുറച്ചുനാളായി അവധിയിലായതിനാൽ അവരുടെ ജോലികൾ കൂടി വിപിൻ ചെയ്തു വരികയായിരുന്നു. ജോലിഭാരം കൂടിയതിനാൽ അവധിയെടുക്കാനായില്ല. ഇതിനിടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ദിവസവേതനത്തിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരി ക്ഷേത്രത്തിൽ കഴകമായി ജോലിക്കെത്തിയെങ്കിലും പുലർച്ചെ 5മുതൽ രാവിലെ 8.45 വരെ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂ. ശേഷം ബോർഡ് ആസ്ഥാനത്ത് ജോലിക്ക് ഹാജരാവുന്ന ഇവർ വൈകിട്ട് എത്തിയിരുന്നില്ല. ഇതോടെ വൈകിട്ടത്തെ കഴകത്തിന്റെ ജോലി വിപിന്റെ ഉത്തരവാദിത്വമായി. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. ഇതിനിടെ മോശമായി സംസാരിച്ചെന്ന് കാണിച്ച് ദേവസ്വം ജീവനക്കാരി വിപിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി. ഈ പ്രശ്നങ്ങളിൽ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ബന്ധുക്കൾ പറയുന്നു. കേസെടുത്തിട്ടില്ലെന്നും ഇയാളുടെ മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനും ഡോക്ടർക്കും അപേക്ഷ നൽകിയതായും മ്യൂസിയം പൊലീസ് അറിയിച്ചു. വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നു.