
പാലോട്: പാലോടും സമീപ പ്രദേശത്തുള്ള പത്ത് പഞ്ചായത്തുകളിലും വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമവും ഇനി പഴങ്കഥ. കെ.എസ്.ഇ.ബി പാലോട് 110 കെ.വി സബ് സ്‌റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തതോടെ നാട്ടുകാരുടെ സുദീർഘമായ പരാതിക്ക് പരിഹാരമായി. സർക്കാർ വൈദ്യുതി പ്രസരണരംഗത്തെ വികസനത്തിന് ഉയർന്ന പ്രാമുഖ്യം നൽകിവരികയാണെന്നും അതിനായി ട്രാൻസ്ഗ്രിഡ് 3.0 പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 958.58 മെഗാവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസരണശൃംഖലയിലെ ഏറ്റവും പഴക്കമേറിയ സബ് സ്റ്റേഷനുകളിലൊന്നായ പാലോട് പാണ്ഡ്യൻപാറയിലുള്ള 66 കെ.വി സബ്‌സറ്റേഷനാണ് 110 കെ.വിയായി ശേഷി ഉയർത്തിയത്. ഇതിനായി 110 കെ.വി ശേഷിയുള്ള പുതിയ രണ്ട് ഫീഡറുകളും 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു.
പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. കെ.എസ്.ബി.എൽ പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സജി പൗലോസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ, കാർത്തിക, ത്രിതലപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി യാഥാർത്ഥ്യം
പദ്ധതി യാഥാർത്ഥ്യമായതോടെ നന്ദിയോട്, പെരിങ്ങമ്മല,പാങ്ങോട്,കല്ലറ,തൊളിക്കോട്,വിതുര,പനവൂർ, ആനാട്,ചിതറ,കടയ്ക്കൽ പഞ്ചായത്തുകളിലെ ഏകദേശം 42,000ത്തോളം ഉപഭോക്താക്കൾക്കാണ് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നത്.
വൈദ്യുതി വകുപ്പിന്റെ ഏറ്റവും പഴക്കമേറിയ സബ്‌സ്റ്റേഷനുകളിലൊന്നാണ് പാലോട് 66 കെ.വി സബ്‌സ്റ്റേഷൻ. 1980ലാണ് പാലോട് സബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. നിലവിൽ ആറ്റിങ്ങൽ സബ് സ്റ്റേഷനിൽനിന്ന് 19.4 കിലോമീറ്റർ സിംഗിൾ സർക്യൂട്ട് ലൈനിലൂടെയാണ് വൈദ്യുതി പാലോട് സബ് സ്റ്റേഷനിലെത്തിക്കുന്നത്.