
ഡയമണ്ട് നെക്‌ലസിനു ശേഷം ലാൽ ജോസും ഫഹദ് ഫാസിലും ഒരുമിക്കുന്നു. കെ.എസ്. പ്രശാന്തിന്റെ പൊനം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിഗ് ബഡ്‌ജറ്റിൽ മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. കന്നടയിലെ പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആയിരിക്കും നിർമ്മാണം. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
സൂപ്പർഹിറ്റായ ഡയമണ്ട് നെക്ളേസിനുശേഷം 12 വർഷം കഴിഞ്ഞ് ലാൽജോസും ഫഹദ് ഫാസിലും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ജോജുജോർജ് നായകനായ സോളമന്റെ തേനീച്ചകളാണ് ലാൽജോസിന്റെ സംവിധാനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര പൂർത്തിയാക്കുന്ന തിരക്കിലാണ് ഫഹദ്. കല്യാണി പ്രിയദർശനാണ് നായിക. ഇരുവരും നായകനും നായികയുമായി അഭിനയിക്കുന്നത് ആദ്യമാണ്. കരാട്ടെ ചന്ദ്രൻ ആണ് പുതുവർഷത്തിൽ ഫഹദിനെ കാത്തിരിക്കുന്ന ചിത്രം. ജനുവരിയിൽ കരാട്ടെ ചന്ദ്രന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കരാട്ടെ ചന്ദ്രനായി ഫഹദ് എത്തുന്ന ചിത്രം നവാഗതനായ റോയ് സംവിധാനം ചെയ്യുന്നു. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടറായിരുന്നു റോയ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന് എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ.