river

നേമം: മലിനീകരണം കാരണം മരണാവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന കരമനയാറിനെ സംരക്ഷിക്കാൻ ഒടുവിൽ കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും രംഗത്തിറങ്ങി.'സേവ് കരമന റിവർ' പ്ലക്കാർഡുകളുമേന്തി ആറിന്റെ തീരത്ത് കൂടി ഇവർ കൂട്ട നടത്തം സംഘടിപ്പിച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 4 മുതൽ 10വരെ കേരളകൗമുദി പ്രസിദ്ധീകരിച്ച 'കരയുന്ന കരമനയാർ' പരമ്പരയെ തുടർന്നാണ് സേവ് കരമന റിവ‌ർ കൂട്ടായ്മ രൂപീകരിച്ച് നദിയെ രക്ഷിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. കേന്ദ്ര മലിനീകരണനിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മലിനീകരിക്കപ്പെട്ട നദികളിൽ രണ്ടാം സ്ഥാനമാണ് കരമനയാറിനുള്ളത്.

കരമന റിവർ ബണ്ട് പ്രൊട്ടക്ഷൻ ആൻഡ് വോക്കേഴ്സ് അസോസിയേഷൻ,കരമന വി.ടി.എം എൻ.എസ്,എൻ.എസ്.എസ് കോളേജ്,നാഷണൽ സർവീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കരമനയാറിന്റെ പാപ്പനംകോട് പാറേക്കടവ് തീരം മുതൽ നീറമൺകര ആഴങ്കൽ വരെ കൂട്ട നടത്തം സംഘടിപ്പിച്ചത്.

കരമനയാറിന്റെ കരയിലൂടെ പ്രഭാത സവാരിക്കാരായ മുതിർന്നവരുടെ കൂട്ടായ്മ,നീറമൺകര

വിമൻസ് കോളേജിലെ ബോട്ടണി,സുവോളജി,കെമിസ്ട്രി ഡിപ്പാർട്ടുമെന്റിലെ കുട്ടികൾ,അദ്ധ്യാപകർ,ഡിപ്പാർട്ട്മെന്റ് ജീവനക്കാർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.കൂട്ടായ്മ കോഓർഡിനേറ്റർ വി.ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഹരീഷ് ജി.തമ്പി, കൗൺസിലർ കരമന അജിത്,എൻ.എസ്.എസ് കോഓ‌ർഡിനേറ്റർ ഡോ.ശുഭ,പരസ്ഥിതി പ്രവർത്തകൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സേവ് കരമന റിവർ പ്രസിഡന്റ് സ്വാമിനാഥൻ,സെക്രട്ടറി ഹരിദാസ്,ജോ.സെക്രട്ടറി ശങ്കർ,സി.റഹിം,ഡോ.ദീപു,ഡോ.സുധി,ബാലചന്ദ്രൻ,സെലിൻ ടീച്ചർ,വിനോദ് നാരായണൻ എന്നിവർ നേതൃത്വം നൽകി.