k

ലോട്ടറി ടിക്കറ്റ് എടുക്കുന്നവർക്കും വിൽക്കുന്നവർക്കും അതൊരു പ്രതീക്ഷയാണ്.എന്നെങ്കിലും ഒരു ദിവസം ഭാഗ്യം തങ്ങളെയും തേടിവരും എന്ന പ്രതീക്ഷ. ഭാഗ്യവുമായി മാടി വിളിക്കുന്നവർ ! ലോട്ടറി കച്ചവടക്കാരെ അങ്ങനെ വിശേഷിപ്പിക്കാം. തന്റെ കൈയിൽ നിന്ന് ലോട്ടറിയെടുക്കുന്നവരിൽ ഒരാളെയെങ്കിലും ഭാഗ്യദേവത കടാക്ഷിക്കാൻ നെഞ്ചുരുകി പ്രാർത്ഥിക്കുമ്പോൾ, വലിയ വീടും ആഡംബരക്കാറും അല്ല അവർ സ്വപ്നം കാണുന്നത്. അന്നത്തിനും മരുന്നിനുമുള്ള വക കണ്ടെത്തണം. അധികമായി ലഭിക്കുന്നത് സ്വരുക്കൂട്ടി കടബാദ്ധ്യത തീർക്കണം.'ഭാഗ്യത്തിന്റെ ഞാണിന്മേൽ കളിയാണിത് കുഞ്ഞേ...'ടിക്കറ്റുകൾ വിൽക്കാനായി മെഡിക്കൽ കോളേജ് പരിസരത്തിലൂടെ അലഞ്ഞുതിരിയുന്ന സുരേഷ് ചേട്ടൻ പറഞ്ഞു.

പേഴ്സ് കാലിയാണ്

പേരൂർക്കട,നെടുമങ്ങാട്,കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലെ ക്ഷേത്രപരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും ലോട്ടറി വിൽക്കാനെത്തുന്നവർക്ക് യാത്രയ്ക്കായി തന്നെ നല്ലൊരു തുക ചെലവാകുന്നുണ്ട്. മഴ വന്നാൽ കച്ചവടം മുടങ്ങും.സൈക്കിളില്ലാത്തതിനാൽ പലരും നടന്നാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ക്ഷേമനിധിയിൽ അംഗമായവർക്കും മാസഗഡു അടയ്ക്കുന്നവർക്കും 1600 രൂപയുടെ പ്രതിമാസ പെൻഷനുണ്ട്.

കണ്ണില്ലാത്ത ക്രൂരത

വഴിയോരത്ത് ലോട്ടറി വിൽക്കുന്നവരിൽ വലിയൊരു ശതമാനം ഭിന്നശേഷിക്കാരും രോഗികളും സ്ത്രീകളുമാണ്. വീൽചെയറിലിരുന്ന് കച്ചവടം ചെയ്യുന്നവർക്കും ക്യാൻസർ രോഗികൾക്കും മറ്റ് ജോലികൾ കണ്ടെത്തുന്നത് എളുപ്പമല്ല. നമ്പർ പരിശോധിക്കാനെന്നു പറഞ്ഞ് ഇവരുടെ ടിക്കറ്റുകളുമായി കടന്നുകളയുന്ന സംഘങ്ങളുമുണ്ട്. കാഴ്ചപരിമിതരാണ് പറ്റിക്കപ്പെടുന്നവരിലേറെയും. ലോട്ടറി വകുപ്പിൽ നിന്നുള്ള സഹകരണവും പിന്തുണയും മാത്രമാണ് ഇവർക്ക് ആശ്വാസം.

ഇവരുടെ വിജയമന്ത്രം

അനാവശ്യമായ ചെലവുകൾ ഒഴിവാക്കിയാൽ ലോട്ടറി കച്ചവടത്തിലൂടെ സാമാന്യം ഭേദപ്പെട്ട വരുമാനം ഉണ്ടാക്കാമെന്ന് പറയുന്നവരുമുണ്ട്. പലരും വരുമാനം പാഴാക്കുന്നത് മദ്യപാനത്തിലൂടെയാണ്. ഒരുദിവസം 100 ടിക്കറ്റുകൾ വിറ്റാൽ ശരാശരി 600 രൂപ ലഭിക്കും. ഇതിൽ നിന്ന് മിച്ചം പിടിച്ചാണ് കിഴക്കേകോട്ടയിലെ കച്ചവടക്കാരനായ അനിൽകുമാർ സൈക്കിൾ വാങ്ങിയത്. കച്ചവടം സൈക്കിളിലായതോടെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീർന്നു. 20 വർഷമായി ഈ തൊഴിൽ ചെയ്യുന്നു. ഇതിലൂടെയാണ് മക്കളെ പഠിപ്പിച്ചതെന്നും അനിൽ പറയുന്നു.