photo

നെയ്യാറ്റിൻകര: ചെങ്കൽ പഞ്ചായത്തിലെ ഈഴക്കോണം ആശാരിവിള റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. റോ‌ഡിന്റെ 500 മീറ്ററോളം ദൂരം പൊളിഞ്ഞു കിടക്കുന്നതിനാൽ യാത്രയും ദുസഹമാണ്. നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളുമാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധിയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

റീ ടാറിംഗും ചെയ്തിട്ടില്ല
15വർഷം മുൻപ് 10ലക്ഷം രൂപ ചെലവാക്കിയാണ് റോഡ്‌ ടാർ ചെയ്തത്. ടാർ പൊട്ടിപ്പൊളിഞ്ഞിട്ടും റീടാർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിനിരുവശവും പുൽച്ചെടികൾ വളർന്നതിനാൽ കാൽനടയാത്രയും ദുസഹമാണ്. റോഡിലെ ടാർ ചെയ്ത ഭാഗത്തുകൂടിയാണ് ജനങ്ങൾ കടന്നുപോകുന്നത്. ഇത് വൻ അപകട ഭീഷണി ഉയർത്തുന്നുണ്ട്.

വിദ്യാർത്ഥികളും ബുദ്ധിമുട്ടിൽ

ഈഴക്കോണം അഴകിക്കോണം റോഡിലൂടെ നിരവധി സ്കൂൾ കുട്ടികൾ കടന്നുപോകുന്നുണ്ട്. അമരവിള ജെ.ബി.എസിലെ വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. സ്കൂളിനോടു ചേർന്നാണ് റോഡ് കടന്നുപോകുന്നത്. ന്യൂജ്യോതി സെൻട്രൽ സ്കൂൾ, വിമലഹൃദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, അമരവിള എൽ.എം.എസ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും റോഡിന്റെ ശോചനീയവസ്ഥയിൽ കഷ്ടപ്പെടുകയാണ്.

ഇലക്ട്രിക് ബൾബുകളും പ്രവർത്തനരഹിതം

റോഡിനു ഇരുവശവും കുളവും താഴ്ചയിലുള്ള വയലുമാണുള്ളത്. ഇവിടെ സൈഡ് വാൾ കെട്ടിയില്ലെങ്കിൽ അപകടം ഉണ്ടാകുമെന്നുറപ്പാണ്. റോഡിനിരുവശങ്ങളിലെ ഇലക്ട്രിക് ബൾബുകളും കണ്ണടച്ചിട്ടു മാസങ്ങളായി. ബൾബു മാറ്റി പുതിയത് ഇടാനായി പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ അപകടം പതിവാണ്.

ഒരുമാസം മുൻപ് സൈക്കിൾ യാത്രികൻ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്.

ആവശ്യം ശക്തം

അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും ജനതാദൾ ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി യോഗം വ്യക്തമാക്കി.

പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ തച്ചകുടി ഷാജി ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ബെൻസർ, കെ.ശശിധരൻ, പി.റോയ്, പി.മധു, വാർഡ് ഭാരവാഹികൾ കെ.ശശിധരൻ, പ്രസിഡന്റ്‌ പി.മധു എന്നിവർ പങ്കെടുത്തു.