വർക്കല: മൈതാനം - വർക്കലക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യൂ സ്‌പൈസി ഫുഡ്ബേ, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റവരിൽ 12 ഓളം പേർ ഇപ്പോഴും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഒക്ടോബർ 13 നാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരും പാഴ്സൽ വാങ്ങി കഴിച്ചവരുമായ 79 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടുകയും പ്രവർത്തന ലൈസൻസ് നഗരസഭ റദ്ദ് ചെയ്യുകയും ചെയ്തു. നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാരോപിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. വിഷം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് പൊതുജനങ്ങളും ഭക്ഷ്യവിഷബാധയേറ്റവരുടെ ബന്ധുക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും കരുതൽ നടപടികളിലേക്ക് അധികൃതർ കടന്നിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചിൽ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളുടെ യോഗം നഗരസഭ വിളിച്ചു കൂട്ടിയിരുന്നു. എന്നാൽ ഇക്കുറി ഇത്തരത്തിൽ ഒരു കരുതൽ നടപടിയും ബോധവത്കരണവും ഉണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. ഭക്ഷ്യ വിഷബാധയ്ക്ക് ഇരയായവർക്ക് ആശുപതി ചെലവിന് പോലും പണമില്ലാത്ത അവസ്ഥയാണ്. ഹോട്ടലിനെതിരെ നൽകിയ പരാതിയിന്മേൽ കേസെടുക്കുന്നതിന് പൊലീസോ നഗരസഭയോ തയ്യാറാകുന്നില്ലെന്നും ഭക്ഷ്യ വിഷബാധയേറ്റവരുടെ ബന്ധുക്കൾ പറയുന്നു.