
മക്കളുടെ വിവാഹം മാതാപിതാക്കളെ സംബന്ധിച്ച് ലളിതമായി നടത്തിയാൽപ്പോലും വളരെ ചെലവേറിയ കാര്യമാണ്. ആഭരണങ്ങൾക്കുള്ള ചെലവാണ് ഇതിൽ ഏറ്റവും കൂടുതൽ. ഫോട്ടോ എടുപ്പ്, മേക്കപ്പ്, ഹാൾ ബുക്കിംഗ്, ഡെക്കറേഷൻ, സദ്യ തുടങ്ങിയവയെല്ലാം നടത്താൻ ഇവന്റ് ഗ്രൂപ്പുകൾ നിരവധിയുണ്ട്. ഓരോ ഐറ്റത്തിനും ലക്ഷങ്ങൾ വേണ്ടിവരുമെന്നേയുള്ളൂ. സമ്പന്നർക്ക് ഇതൊക്കെ താങ്ങാനാവും. പക്ഷേ, അതുകണ്ട് സാധാരണക്കാരും അതിനു പിന്നാലെയാണ്. ഇത് പല കുടുംബങ്ങളെയും സാമ്പത്തിക ബാദ്ധ്യതയിൽ വീഴ്‌ത്തും. അതിനോടൊപ്പം, നിശ്ചയം കൂടി ആഡംബരപൂർവം നടത്തിയലോ? ഫലത്തിൽ രണ്ട് കല്യാണം നടത്താനുള്ള ചെലവാണ് ഇതിലൂടെ സംഭവിക്കുന്നത്. പഴയ കാലത്ത് ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ ഒന്നിച്ചിരുന്ന് തീരുമാനിക്കുകയും വിവാഹത്തിന് തീയതി കുറിക്കുകയും ചെയ്താൽ അത് നിശ്ചയമായി കണക്കാക്കുമായിരുന്നു. മിനി കല്യാണം പോലെ നിശ്ചയം നടത്തുന്നത് യഥാർത്ഥത്തിൽ ഒഴിവാക്കേണ്ടതാണ്.
ഇതിനെക്കുറിച്ചൊന്നും ഒരു നവോത്ഥാന നായകരും ഇപ്പോൾ സംസാരിക്കാറില്ല. ഇന്നത്തെ കാലത്ത് നിശ്ചയം കഴിഞ്ഞ് നടക്കാതെ പോകുന്ന വിവാഹങ്ങൾ അനവധിയാണ്. പെണ്ണും ചെറുക്കനും മൊബൈലിൽ സംസാരിച്ചു തുടങ്ങിയാൽ മിക്കവാറും വിവാഹത്തിനു മുമ്പ് തെറ്റിപ്പിരിയുന്ന ഒരു ട്രെന്റ് ഇവിടെ നിലനിൽക്കുന്നുണ്ട്. ഇത് പ്രായപൂർത്തിയായവരുടെ കാര്യമാണ്. അപ്പോൾപ്പിന്നെ കുട്ടിപ്രായത്തിൽ നിശ്ചയം നടത്തിയാലോ? കുട്ടികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാകയാൽ അത് നിരോധിക്കാൻ പാർലമെന്റ് നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ബാലവിവാഹം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാൽ ബാലവിവാഹ നിശ്ചയം തടഞ്ഞിട്ടില്ല. അതിനാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. ഇതിന്റെ മറവിൽ ബാലവിവാഹ നിശ്ചയമെന്ന പേരിൽ നടക്കുന്ന ചടങ്ങുകൾ യഥാർത്ഥത്തിൽ ബാലവിവാഹത്തിൽ ചെന്നെത്തുകയാണ് പതിവ്. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് നിരോധിക്കപ്പെടേണ്ട ഇത്തരം ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.
ബാലവിവാഹ നിശ്ചയം യഥാർത്ഥത്തിൽ കുട്ടിക്കാലം ആസ്വദിക്കാനുള്ള കുട്ടിയുടെ അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. മാനസികമായും ശാരീരികമായും കുട്ടികളെ ഇത് ബാധിക്കും. പങ്കാളിയെ കണ്ടെത്താനുള്ള അവകാശം പ്രായപൂർത്തിയാകും മുമ്പേ തട്ടിത്തെറിപ്പിക്കുന്നതിനു തുല്യമാണത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവകാശങ്ങളും ലംഘിക്കപ്പെടും. പെൺകുട്ടികൾ ഒറ്റപ്പെടുകയും ആൺകുട്ടികൾ നേരത്തേതന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവുകയും ചെയ്യും. ബാലവിവാഹം നടത്തുന്നവരെ ശിക്ഷിക്കുന്നതിനല്ല, അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും ബാലവിവാഹങ്ങൾ തടയുന്നതിനുമാണ് സർക്കാർ മുൻതൂക്കം നൽകേണ്ടത്. പ്രധാനമായും ഇതിനിടയാക്കുന്ന മുഖ്യമായ രണ്ടു കാരണങ്ങൾ ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്‌മയുമാണ്. മത വിശ്വാസത്തിന്റെ ഭാഗമായും ചിലർ ഇതിന്റെ വഴിയേ പോകുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ സർവസാധാരണമായിരുന്ന ഈ രീതി ഇപ്പോൾ വളരെ ചെറിയ സ്ഥലങ്ങളിൽ മാത്രമാണ് പരിമിതമായി നടക്കുന്നത്. എന്നാലും ഇത് പൂർണമായും ഒഴിവാക്കപ്പെടേണ്ടതാണ്. പ്രായപൂർത്തിയായവരുടെ ആഡംബര നിശ്ചയങ്ങളും വേണ്ടെന്നുവയ്ക്കാൻ വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ തയ്യാറാകണം.