
പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ഭൗതിക സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ സംസ്ഥാനം പലപ്പോഴും പിന്നോട്ടാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ചുറ്റിലും എത്രവേണമെങ്കിലുമുണ്ട്. അരനൂറ്റാണ്ടിലധികമായി ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കോവളത്തിന്റെ ദുർഗതി നോക്കിയാലറിയാം, പ്രകൃതിയോടു കാണിക്കുന്ന അനാദരവിന്റെ ആഴവും പരപ്പും. സംസ്ഥാന വരുമാനത്തിൽ ടൂറിസം ഏറ്റവും മികച്ച വരുമാന മാർഗമായിട്ടും കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അവഗണനയുടെ പടുകുഴിയിലാണ്. എന്നിട്ടും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സംസ്ഥാനത്തെത്തുന്നത് ഇവിടത്തെ പ്രകൃതിയും കാലാവസ്ഥയും അവരെ മാടിവിളിക്കുന്നതുകൊണ്ടാണ്. കോവളം വിനോദസഞ്ചാര കേന്ദ്രം ലോക പ്രശസ്തമാണ്. വിദേശികളും സ്വദേശികളുമായ സഞ്ചാരപ്രിയർ സീസണായാൽ അങ്ങോട്ട് ഒഴുകുകയാണ്. എന്നാൽ കോവളത്തിന്റെ സമീപകാല അവസ്ഥ ഒട്ടും തന്നെ ശുഭസൂചകമല്ല. ലോകത്തെ ഏറ്റവും ജനപ്രിയമായ പത്തു കേന്ദ്രങ്ങളിൽ ഒന്നായി പ്രമുഖ വിനോദ സഞ്ചാര ഗ്രൂപ്പായ 'സ്കൈ സ്കാനർ" തിരുവനന്തപുരത്തിന് സ്ഥാനം നൽകിയിട്ടും ഇവിടത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികളുടെ സൗകര്യങ്ങൾക്കൊത്ത് വികസിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഏർപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്.
ഇടയ്ക്കിടെ കോടികൾ മുടക്കി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നതല്ലാതെ ദീർഘകാല വീക്ഷണത്തോടെ നവീകരണജോലികൾ ഏറ്റെടുക്കുന്നതിൽ കാണിക്കുന്ന വിമുഖതയാണ് കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നാശത്തിനു കാരണമാകുന്നത്. ഏതായാലും കോവളത്തിന്റെ സമഗ്ര വികസനത്തിനായി പുതിയൊരു കർമ്മപദ്ധതി വിനോദസഞ്ചാര വകുപ്പ് നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനായുള്ള ടെൻഡർ ഈ മാസം 24-ന് തുറക്കും. കോവളം മാസ്റ്റർ പ്ളാൻ കടലാസിൽത്തന്നെ ശേഷിക്കുന്ന പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാര വകുപ്പിന്റെ നവീകരണ പദ്ധതി. തകർന്നു കിടക്കുന്ന നടപ്പാതകൾ, കത്താത്ത വഴിവിളക്കുകൾ, ടോയ്ലറ്റുകളുടെ അഭാവം, ഡയഫ്രം വാൾ തുടങ്ങി സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വേണ്ട പ്രവൃത്തികൾക്കാകും മുൻഗണന നൽകുക. കോവളത്തിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ കാരണം സഞ്ചാരികളുടെ വരവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
വിനോദസഞ്ചാര വകുപ്പിന്റേതുൾപ്പെടെ എല്ലാ വിഭാഗക്കാരുടെയും വരുമാനവും ഇതുമൂലം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ടൂറിസവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ, വാടക വാഹനങ്ങൾ തുടങ്ങി എല്ലാവരുടെയും വരുമാനത്തിൽ വലിയ ചോർച്ചയാണുണ്ടാവുന്നത്. നവംബറിലാണ് സാധാരണഗതിയിൽ കോവളത്ത് സീസൺ തുടങ്ങുന്നത്. അറ്റകുറ്റപ്പണികൾ അതിനുമുമ്പ് പൂർത്തിയാകുന്ന വിധം ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ ഏറെ പ്രയോജനകരമായേനെ. തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തകർച്ച നേരിടുന്നത് കോവളം മാത്രമല്ല. നിത്യേന പതിനായിരക്കണക്കിനാളുകൾ സായാഹ്നം ചെലവഴിക്കാനെത്തുന്ന ശംഖുംമുഖം ബീച്ചിന്റെ ഇന്നത്തെ സ്ഥിതി ആരേയും കഠിനമായി വേദനിപ്പിക്കും. അഞ്ചുവർഷം മുൻപ് കടലേറ്റത്തിൽ തകർന്ന ബീച്ചും പരിസരങ്ങളും നിരവധി വട്ടം വലിയ തോതിൽ പണികൾ നടത്തിയിട്ടും ഇപ്പോഴും സർവത്ര തകർന്നുകിടക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ചുവർഷത്തിനിടയ്ക്ക് ശംഖുംമുഖം നവീകരണത്തിനായി എത്രയോ കോടികളാണ് ചെലവഴിച്ചത്. ഒരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല, തീരം കൂടുതൽ വികൃതമാവുകയും ചെയ്തു. കൊട്ടിഘോഷിച്ച് നടത്തിയ ഡയഫ്രം വാളിനെക്കുറിച്ച് കേൾക്കാൻ പോലുമില്ല.
പതിറ്റാണ്ടുകളായി വർക്കലയുടെ പൈതൃകമായി നിലകൊണ്ടിരുന്ന ക്ളിഫുകൾ ഒന്നൊന്നായി നിലംപതിച്ചിട്ടും ശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കാൻ ഫലപ്രദമായ നടപടികളെടുക്കുന്നില്ല. ആദ്യത്തെ ക്ലിഫ് ഇടിഞ്ഞുവീണപ്പോൾത്തന്നെ ശേഷിക്കുന്നവയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതായിരുന്നു. പ്രകൃതിയുടെ അവശേഷിപ്പുകൾ പരിരക്ഷിക്കുന്നതിൽ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ പ്രതിഫലനമാണ് ഇതൊക്കെ. വിനോദസഞ്ചാരികൾക്കാവശ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിവയ്ക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. കേവലം വരുമാനം മാത്രമല്ല ഇതിനു പിന്നിലുള്ളത്. സാംസ്കാരിക വിനിമയത്തിന്റെ ഇഴയടുപ്പം കൂടി ഇതിലുണ്ട്. പ്രകൃതി എല്ലാ സൗകര്യങ്ങളും വേണ്ടുവോളം തന്ന് അനുഗ്രഹിച്ച പ്രദേശങ്ങളിലൊന്നാണ് തിരുവനന്തപുരം. അതിന്റെ തനിമ നഷ്ടപ്പെടുത്താതെ തുടർന്നും നിലനിറുത്തുന്നതിലാണ് മിടുക്ക്. സംസ്ഥാനത്ത് സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന കേന്ദ്രങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. അവയുടെ പരിപാലനം കൃത്യമായി ഏറ്റെടുക്കാൻ വിനോദസഞ്ചാര വകുപ്പിനു കഴിയണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ സദാ തകർന്നുകിടക്കുന്നത് സഞ്ചാരികൾ മതിപ്പോടെയാവില്ല കാണുന്നത്.