f

ഓസ്റ്റിയോ പൊറോസിസ് എന്ന വാക്കിന്റെ അർത്ഥം പോലെ, അസ്ഥികൾ പൊള്ളയാക്കുന്നതോ അസ്ഥികൾ ക്ഷയിക്കുന്നതോ ആയ അവസ്ഥയാണ് അത്. ബോൺ മിനറൽ ഡെൻസിറ്റി (എല്ലിന്റെ ക്ഷമത) കുറയുന്നതാണ് ഇതിനു കാരണം. പ്രായമാകുമ്പോഴാണ് സാധാരണഗതിയിൽ ഈ അവസ്ഥയുണ്ടാകുന്നത്. മുപ്പത്തിയഞ്ച് വയസുവരെയാണ് ഏറ്റവും കൂടുതൽ ബോൺ മിനറൽ ഡെൻസിറ്റി.

ഈ പ്രായം മനുഷ്യ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാണ്. തലച്ചോറിന്റെ വോളിയം ദശാംശം ഒരു ശതമാനം കുറയുന്നതും പേശികളുടെ ക്ഷമമത കുറയുന്നതും ഈ കാലത്താണ്.

ഓസ്റ്റിയോ പൊറോസിസിനെ ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടായി തിരിക്കാം. ടൈപ്പ് ഒന്നിനെ 'പോസ്റ്റ് മെനോപോസ് ഓസ്റ്റിയോ പൊറോസിസ്" എന്നും,​ ടൈപ്പ് രണ്ടിനെ 'സിനൈൽ ഓസ്റ്റിയോ പൊറോസിസ്" എന്നും വിളിക്കുന്നു. മെനോപോസ് ഓസ്റ്റിയോ പൊറോസിസ് സ്ത്രീകളിൽ മാത്രം കാണപ്പെടുന്നു. സ്ത്രീകളിൽ ആർത്തവ വിരാമത്തിനു ശേഷം ഹോർമോണായ ഈസ്ട്രജന്റെ കുറവാണ് ടൈപ്പ്- 1 ഓസ്റ്റിയോ പൊറോസിസിന് കാരണം. ഇപ്പോൾ നാല്പതു വയസിൽ പല സ്ത്രീകൾക്കും ആർത്തവ വിരാമം സംഭവിക്കാറുണ്ട്. ഇത്തരക്കാരിൽ ഓസ്റ്റിയോ പൊറോസിസിന് സാദ്ധ്യത കൂടുതലാണ്. ഈസ്ട്രജനാണ് സ്ത്രീകൾക്ക് എല്ലിന് ബലം നൽകുന്നത്.

ടൈപ്പ്- 2 ഓസ്റ്റിയോപൊറോസിസ്,​ പ്രായത്തിന്റെ ഭാഗമായി സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ് ഉണ്ടാകുന്നത്. അറുപത് വയസിനു ശേഷമാകും ഇത്തരത്തിൽ സിനൈൽ ഓസ്റ്റിയോ പൊറോസിസ് സാദ്ധ്യത. ടൈപ്പ്-1 ആയ പോസ്റ്റ് മെനോപോസ് ഓസ്റ്റിയോ പൊറോസിസ് നട്ടെല്ലിനെയും കൈക്കുഴയേയും ഇടുപ്പെല്ലിനെയും ബാധിക്കാറുണ്ട്. ടൈപ്പ് -2 ക്യാൻസലസ് അസ്ഥികളെയാണ് (സ്പോഞ്ചി ബോൺ) ബാധിക്കുക. സ്ത്രീകളിൽ ആർത്തവ വിരാമത്തിനു ശേഷം ചെറിയ വീഴ്ചകളുണ്ടായാലും കൈക്കുഴയുടെ ഭാഗത്ത് പെട്ടെന്ന് പൊട്ടലുണ്ടാകും. ഇതൊരു അപായസൂചനയായി കണക്കാക്കാം. നാല്പതു വയസു കഴിഞ്ഞ സ്ത്രീകൾ ഇതു കണ്ടെത്താൻ പരിശോധന നടത്തണം. കാരണം ഇതൊരു നിശബ്ദ രോഗമാണ്.

ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാൽ ശരീരത്തിൽ പൊട്ടലുകൾ ഉണ്ടാകുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. അതിനാൽ കണ്ടെത്താൻ നിരവധി സ്ക്രീനിംഗ് ടെസ്റ്റുകളും ആവശ്യമാണ്. നാല്പതു വയസു കഴിഞ്ഞ സ്ത്രീകൾ 'ഡെക്‌സാ സ്കാൻ" നടത്തുന്നത് പ്രധാനമാണ്. മറ്റൊരു പ്രധാന കാരണം വ്യായാമക്കുറവാണ്. പുകവലിക്കുന്നവർക്കും മദ്യപാനികൾക്കും ഓസ്റ്റിയോ പൊറോസിസ് സാദ്ധ്യതയുണ്ട്. വൈറ്റമിൻ ഡിയുടെ കുറവും ഈ രോഗത്തിലേക്ക് നയിക്കും.

സ്റ്റിറോയ്‌‌ഡ് മരുന്നുകളുടെ ഉപയോഗം കാരണവും ഓസ്റ്റിയോ പൊറോസിസ് ഉണ്ടാകുന്നു. സെക്കൻഡറി ഓസ്റ്റിയോ പൊറോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തം കട്ടപിടിക്കാതിരിക്കാനും ജന്നി ഉൾപ്പെടെ ചില രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകൾ കാരണം എല്ലുകളുടെ കട്ടികുറയാനും അത് ഓസ്റ്റിയോ പൊറോസിസിലേക്ക് എത്താനും കാരണമാകും. വൃക്ക, കരൾ, കുടൽ രോഗങ്ങളുള്ളവർക്കും സെക്കൻഡറി ഓസ്റ്റിയോ പൊറോസിസ് സാദ്ധ്യതയുണ്ട്. 'ഡെക്‌സാ സ്കാൻ" തന്നെയാണ് ഇവിടെയും രോഗനിർണയത്തിന് സഹായിക്കുന്നത്.

വ്യായാമം

പ്രധാനം

ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും കൃത്യമായ വ്യായാമം അത്യാവശ്യമാണ്. വ്യായാമമില്ലാതെ വൈറ്റമിൻ ഗുളികകൾ മാത്രം കഴിച്ചിട്ട് കാര്യമില്ല. പാൽ, ഇലക്കറികൾ, മുട്ട, മീൻ എന്നിവ കഴിക്കണം. സൂര്യപ്രകാശം ഏൽക്കുന്നതും നല്ലതാണ്. പുകവലി, മദ്യപാനം,​ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാകണം. എല്ലുകളുടെ കട്ടി കൂട്ടാൻ ഹോർമോൺ ചികിത്സകളുണ്ട്. എന്നാൽ പലതിനും പാർശ്വഫലങ്ങളുണ്ട്. കാൽസ്യം ഗുളികകൾ കൂടുതൽ കഴിക്കുന്നത് മൂത്രക്കല്ലിൻെറ അസുഖത്തിന് കാരണമാകും. അതിനാൽ കാത്സ്യം കാർബണേറ്റ് ഗുളികൾക്കു പകരം കാത്സ്യം സിട്രേറ്റ് ഗുളികകളാണ് നല്ലത്. വൈറ്റമിൻ- ഡി ഗുളികകളും കൃത്യമായ അളവിൽ കഴിക്കണം. ചെറുപ്പകാലത്ത് എല്ലുകളുടെ ബലം കൂട്ടിയാൽ മാത്രമേ പ്രായമാകുമ്പോൾ അസ്ഥിശോഷണം കൂറയ്ക്കാനാകൂ. കാർബണേറ്റ് അടങ്ങിയ പാനീയങ്ങും ജങ്ക് ഫുഡുകളും ഈ രോഗത്തിലേക്കു നയിക്കും.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആണ് ലേഖകൻ)​