thakarnna-road

ആറ്റിങ്ങൽ: ചെക്ക്ഡാം നിർമ്മാണത്തിനായി നിർമ്മാണവസ്തുക്കൾ കൊണ്ടുപോകുന്ന കൂറ്റൻ ലോറികൾ ഗ്രാമീണ റോഡുകളെ നശിപ്പിക്കുന്നതായി പരാതി. വാമനപുരം നദിയിൽ കൊല്ലമ്പുഴ പാലത്തിന് സമീപം നടന്നു കൊണ്ടിരിക്കുന്ന ചെക്ക്ഡാം നിർമ്മാണത്തിനായുള്ള നിർമ്മാണവസ്തുക്കളും യന്ത്രങ്ങളും വഹിച്ചുകൊണ്ടുള്ള ഹെവിലോഡ് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതിനാൽ കീഴാറ്റിങ്ങൽ ശാസ്താംനട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഇടറോഡ് തകർന്ന് കാൽനടയാത്ര പോലും ദുഃസഹമായ അവസ്ഥയിലാണ്. നിത്യവും അനേകം ലോറികൾ ഭാരം വലിച്ച് ഈ റോഡുവഴി കടന്നുപോകുന്നുണ്ട്. ചെറുവാഹനങ്ങൾ മാത്രം കടന്നുപോയിരുന്ന റോഡ് കാൽ വയ്ക്കാൻ പോലും സ്ഥലമില്ലാത്ത തരത്തിൽ തകർന്നു കഴിഞ്ഞു. ആരംഭഘട്ടത്തിൽ തന്നെ റോഡിന്റെ സുരക്ഷ നോക്കിക്കൊള്ളാമെന്ന് കരാറുകാർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നതാണ്. റോഡ് പൂർണമായും തകർന്ന് ചെളി നിറഞ്ഞ് കുഴി രൂപപ്പെട്ടിട്ടുണ്ട്.