a

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് നവംബർ 16ന് ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയതായി കമ്മിഷൻ വിളിച്ച യോഗത്തിൽ ജില്ലാ കളക്ടർമാർ അറിയിച്ചു.

പുനർവിഭജന പ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കും. ഈ മാസം 25നാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടത്. കളക്ടർമാർക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ കമ്മിഷന് നവംബർ അഞ്ചിനകം സമർപ്പിക്കണം.

നിലവിലുള്ള വാർഡുകൾ 2001ലെ സെൻസസ് പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പുനർവിഭജനം നടത്തുന്നത്.

ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കമ്മിഷൻ അംഗം കൂടിയായ ഐ.ടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർ, കമ്മിഷൻ സെക്രട്ടറി എസ്.ജോസ്‌നമോൾ, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.

ആദ്യ ഘട്ടത്തിൽ

941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, 87 മുനിസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനം

ഡിജിറ്റൽ ഭൂപടം

വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വികസന ആവശ്യങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും