മന്ത്രിതല ചർച്ചയിൽ അനുനയം, സമരം പിൻവലിച്ചു
തിരുവനന്തപുരം: നഗരസഭയിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കരാർ തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചു.നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരുടെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കോർപറേഷന് മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിരുന്ന ജില്ലാ ശുചീകരണ തൊഴിലാളി യൂണിയനിലെ അംഗങ്ങളായ ബിനോയ് പാലോട്,ജോയ് ജോസഫ് എന്നിവരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ പുലർച്ചെ 5.30ന് കോർപറേഷന് മുന്നിലെ കൂറ്റൻ മരത്തിൽ കൈയിൽ പെട്രോളും കയർകുരുക്കുമായി കയറി ഇരുവരും നിലയുറപ്പിക്കുകയായിരുന്നു. ശുചീകരണത്തൊഴിലാളി യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ നിലത്തിറങ്ങൂവെന്ന് ഇരുവരും നിലപാടെടുത്തു.
ഒക്‌ടോബർ 3മുതലാണ് യൂണിയന്റെ നേതൃത്വത്തിൽ കോർപറേഷന് മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.17 ദിവസമായിട്ടും മേയർ ആര്യാ രാജേന്ദ്രനോ മറ്റ് ഭാരവാഹികളോ തിരിഞ്ഞുപോലും നോക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു സമരമുറ സ്വീകരിക്കാൻ തങ്ങൾ തയാറായതെന്നാണ് സമരക്കാർ പറയുന്നത്. സംഭവമറിഞ്ഞ് പലരും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷാവസ്ഥയുണ്ടാക്കി.
തുടർന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുതരുന്നതുൾപ്പെടെ ഏഴോളം ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ടുവച്ചത്.എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നു. മന്ത്രിക്കൊപ്പം, മേയർ ആര്യാ രാജേന്ദ്രൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു തുടങ്ങിയവർ പങ്കെടുത്തു.
മരത്തിന് മുകളിൽ കയറി ഭീഷണിമുഴക്കിയവരെ ഫയർഫോഴ്സ് സ്‌റ്റേഷൻ ഓഫീസർ നിതിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘം താഴെയിറക്കി. വർഷങ്ങളായി കോർപറേഷൻ പരിധിയിൽ മാലിന്യനീക്കം നടത്തുന്നവരാണ് ജില്ലാ ശുചീകരണ തൊഴിലാളി യൂണിയൻ. എന്നാൽ, അടുത്തകാലത്തായി ആരോഗ്യവിഭാഗം ജീവനക്കാർ അനധികൃതമായി തങ്ങളുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഭീമമായ തുക പിഴയായി ഈടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇവർ സമരം ആരംഭിച്ചത്.പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ചയോടെ വിട്ടുകൊടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.എന്നാൽ ഇപ്പോൾ അംഗീകൃത ഏജൻസികളാണ് മാലിന്യം നീക്കുന്നതെന്നും ഇവർ അനധികൃതമായി മാലിന്യം ശേഖരിക്കുന്നുവെന്നാണ് നഗരസഭയുടെ വാദം.
ഞങ്ങളുടെ തൊഴിലാളികൾ വഴിയാധാരമാണ്. വാഹനങ്ങൾ പിടിച്ചെടുത്തിട്ട് വിട്ടുതരുന്നില്ല.പല തവണ പറഞ്ഞിട്ടും വിട്ടുതന്നില്ല.ഈ കണക്കിന് പോകുകയാണെങ്കിൽ കണ്ണൂരിലെ ദിവ്യയെ പോലെ മേയർ മാറും.ഞങ്ങൾ എച്ചിൽ വാരിയാണ് ജീവിക്കുന്നത്.ഞങ്ങളുടെ മടിയിൽ കനമില്ല.
കല്ലയം ജോയ്,യൂണിയൻ ജനറൽ സെക്രട്ടറി