
കുളത്തൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന മൺവിള - ഉഷസ് നഗർ റോഡിലൂടെയുള്ള യാത്ര ദുരിതമായി മാറുന്നു.തിരുവനന്തപുരം നഗരസഭയിലെ ആറ്റിപ്ര വാർഡിൽ മൺവിള ജംഗ്ഷനിൽ നിന്ന് ഉഷസ് നഗറിലേക്കും മൺവിള കൈരളി നഗർ,പാങ്ങപ്പാറ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്ക് തിരക്കില്ലാതെ യാത്ര ചെയ്യാൻ പറ്റിയ റോഡാണ് കഴിഞ്ഞ നാല് വർഷമായി തകർന്നു കിടക്കുന്നത്.
മൺവിള വ്യാവസായ കേന്ദ്രം,കേരള വാട്ടർ അതോറിട്ടിയുടെ മൺവിള വാട്ടർ ടാങ്ക്,ഭാരതീയ വിദ്യാഭവൻ സ്കൂൾ,മൺവിള ഐ.ടി.സി,മൺവിള എൽ.പി.എസ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിരവധി സ്കൂൾ വാഹനങ്ങളും കമ്പനി വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡാണ് പൂർണമായും തകർന്ന് കിടക്കുന്നത്. ബസ് റൂട്ടല്ലാത്തതിനാൽ ഇവിടത്തുകാർ ഒന്നര കിലോമീറ്റർ കാൽനടയായോ ഓട്ടോയിലോ ആണ് മൺവിള ജംഗ്ഷനിലെത്തി ബസ് കയറുന്നത്. റോഡ് പൂർണമായി തകർന്നതിനാൽ ഓട്ടോകൾ ഇപ്പോൾ ഈ ഭാഗത്ത് ഓട്ടം വരാത്തത് പ്രദേശവാസികളുടെ യാത്രാദുരിതം കൂട്ടുന്നു.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്.റോഡിന്റെ വശങ്ങൾ തകർന്ന് ചിലയിടങ്ങളിൽ ഇടിഞ്ഞ് താണിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
മൺവിള ജംഗ്ഷൻ മുതൽ ഉഷസ് നഗർ വരെയുള്ള ഒന്നരകിലോമീറ്ററിൽ റോഡിലെ മെറ്റൽ പൂർണമായി ഇളകി ചെളി നിറഞ്ഞ അവസ്ഥയിലാണ്.
മൺവിള കൈരളി നഗർ നിവാസികളുടെ ഏക സഞ്ചാര മാർഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
റോഡ് ഒഴുകിപ്പോയി
മഴ പെയ്താൽ റോഡിലെ കുഴികൾ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാകും.അവസാനം റോഡ് ടാർ ചെയ്തത് നാല് വർഷം മുൻപാണ്.താമസിയാതെ മെറ്റൽ ഇളകി വൻ കുഴികൾ രൂപപ്പെട്ടു.ഇടയ്ക്ക് കുഴികളടച്ചെങ്കിലും അടുത്ത ദിവസങ്ങളിലുണ്ടായ ചാറ്റൽ മഴയിൽ ചല്ലിയും ടാറും ഒലിച്ചുപോയി വീണ്ടും റോഡിൽ അവിടവിടെ വൻ കുഴികൾ രൂപപ്പെട്ടു.