തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ചെന്നാൽ ജനം ചൂലെടുക്കുമെന്ന് അറിയുന്നതിനാലാണ് ഇടതുമുന്നണി സർക്കാർ വാർഡ് വിഭജനത്തിന് തുനിയുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ നൂറല്ല,ആയിരം വാർഡ് വേണമെങ്കിലും സി.പി.എം കീറിമുറിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.നഗരസഭയിലെ വാർഡ് വിഭജനത്തിലെ അട്ടിമറിക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം,തെരുവുനായ ശല്യം,വെള്ളക്കെട്ട്,റോഡുകളുടെ അവസ്ഥ,ഫണ്ട് തിരിമറി തുടങ്ങിയവയെല്ലാം വെല്ലുവിളിയാണ്.അതിനാൽ പാർട്ടിക്ക് വിധേയരായ
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് സി.പി.എം എന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് കോർപ്പറേഷന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി.ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടെ കോർപ്പറേഷന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് പിടികൂടി പുറത്താക്കിയതും വലിയ വാക്കേറ്റത്തിന് ഇടയാക്കി.സംഘർഷാവസ്ഥയിലേക്ക് കാര്യമെത്തുമെന്നായപ്പോൾ നേതാക്കൾ പ്രവർത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടു. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ,കൗൺസിലർമാരായ വി.ജി.ഗിരികുമാർ,തിരുമല അനിൽ,പാപ്പനംകോട് സജി,കരമന അജിത്ത്,പത്മ,സൗമ്യ,അർച്ചന,പത്മലേഖ,ദേവിമ തുടങ്ങിയവർ പങ്കെടുത്തു.