തിരുവനന്തപുരം: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വിവിധ സ്ഥിരം സമിതികളുടെ അജൻഡകളും അവതരിപ്പിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ഇന്നലെ കൂടിയ കോർപ്പറേഷൻ കൗൺസിൽ യോഗവും 17 മിനിട്ടിനകം പിരിഞ്ഞു. വാർഡ് വിഭജനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചപ്പോൾ ഇതിനായി കാത്തിരുന്ന പോലെ അജൻഡകളെല്ലാം പാസായതായി മേയർ പ്രഖ്യാപിക്കുകയും യോഗം പിരിച്ചു വിടുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് യോഗ നടപടികൾ ആരംഭിച്ചത്. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ വാർഡ് വിഭജന വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയിലുള്ള വിഷയം യോഗത്തിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മേയർ. ഇതിനെതിരെയാണ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചത്. ബി.ജെ.പിയുടെ വനിത അംഗങ്ങൾ മേയറുടെ ഡയസിന് മുന്നിൽ കൂറ്റൻ ബാനറുയർത്തി മുദ്രാവാക്യം വിളിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷാജിത നാസറും സി.എസ്.സുജാ ദേവിയും എസ്.എസ്. ശരണ്യയും ബാനർ പിടിച്ചു വാങ്ങാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അജൻഡകൾ ഡെപ്യൂട്ടി മേയർ വായിച്ചവതരിപ്പിച്ചപ്പോൾ ചർച്ചയ്ക്ക് പി.പത്മകുമാർ എഴുന്നേറ്റെങ്കിലും മൈക്ക് നൽകിയില്ല. ഇതോടെ മേയറുടെ പിറകിലെത്തി മുദ്രാവാക്യം മുഴക്കി യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധിച്ചു. ഇതിനിടെ കൂടുതൽ വനിതാ കൗൺസിലർമാർ ഡയസിൽ കയറി ഇരുചേരികളായി നിലയുറപ്പിക്കുന്നതിനിടെ മേയർ അജൻഡകൾ പാസാക്കി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആർ.ആർ.എഫ് കേന്ദ്രങ്ങളുടെ നവീകരണം പോലുള്ള കുഴപ്പിക്കുന്ന അജൻഡകളും പാസാക്കിയതും ദുരൂഹമാണ്. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച യോഗം 2.47ന് പിരിച്ചുവിട്ടു.

അനുശോചനത്തിൽ നവീൻ ബാബുവിന്റെ പേര് വെട്ടി

നഗരസഭയുടെ അനുശോചന പ്രമേയത്തിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ പേര് ഉൾപ്പെടുത്താതെ ഭരണസമിതി. മരിച്ച ബാക്കി എല്ലാവരുടെയും പേര് ഉൾപ്പെടുത്തിയെങ്കിലും നവീന്റെ പേര് മനപ്പൂർവം ഒഴിവാക്കിയെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികൾ ഇക്കാര്യം ഉന്നയിച്ചതോടെ നവീന്റെ പേര് പ്രമേയത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകാമെന്ന് മേയർ പറഞ്ഞെങ്കിലും ഇന്നലത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയില്ല.

പ്രശ്നമുള്ള കൗൺസിൽ അറിയിക്കേണ്ട

ഭരണസമിതിക്കെതിരെ കടുത്ത വിമർശനമുണ്ടാകുമെന്നുറപ്പുള്ള കൗൺസിലുകൾ മാദ്ധ്യമപ്രവ‌ർത്തകരെ അറിയിക്കുന്നതിനും നിയന്ത്രണം. സാധാരണ നിയമസഭ നടക്കുന്നത് പോലെ നഗരസഭ കൗൺസിലിന്റെ അറിയിപ്പ് ഒരു ദിവസം മുൻപെങ്കിലും നൽകും. എന്നാൽ പ്രതിഷേധവും പ്രശ്നവുമുള്ള കൗൺസിലിന്റെ അറിയിപ്പുകൾ തുടർച്ചയായി നിലവിൽ നൽകാറില്ല. ഭരണസമിതിയുടെ ന‌ിർദ്ദേശത്തെ തുടർന്നാണെന്നാണ് സൂചന.