c

തിരുവനന്തപുരം: ബി.ജെ.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ, ഉപതിരഞ്ഞെടുപ്പുകളിലെ അങ്കക്കളം തെളിഞ്ഞു.

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക് സഭാ മണ്ഡലത്തിലും യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ മുഖാമുഖം ഏറ്റുമുട്ടുകയാണ്.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സർക്കാർ വിരുദ്ധ മുദ്രാവക്യമുയർത്തി വിജയമുറപ്പിക്കാൻ ഇറങ്ങുന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നാളെയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കൺവെൻഷൻ

വൈകിട്ട് മൂന്നിന് പാലക്കാട് ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡപത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണഗോപാൽ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ചേലക്കരയിലെ കൺവെൻഷനും നടക്കും.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ സീറ്റിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. പാർലമെന്റ് മണ്ഡലം തല കൺവെൻഷനും ഉടൻ നടത്താനാണ് തീരുമാനം. തുടർന്ന് മൂന്നിടങ്ങളിലും ദേശീയ നേതാക്കളെയടക്കം ഇറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

കോൺഗ്രസിൽ കലാപമുയർത്തി പുറത്ത് വന്ന ഡോ.പി സരിനിലൂടെ പാലക്കാട് പിടിച്ചെടുക്കാൻ അങ്കം കുറിച്ച ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നാളെ ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിക്കും.

കൺവെൻഷനിലൂടെ പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്വലമാക്കാനാവും ഇടതുപക്ഷത്തിന്റെ നീക്കം. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുതിർന്ന നേതാക്കൾ മൂന്നിടത്തും പ്രചാരണത്തിനിറങ്ങും.

വിവാദങ്ങൾ പ്രചരണായുധം

# കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയടക്കം സമീപകാല രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും കടന്നാക്രമിക്കുന്നതിനൊപ്പം പൂരം കലക്കൽ ആരോപണത്തിലൂടെ ബി.ജെ.പിയെയും നേരിടാനാണ് യു.ഡി.എഫ് നീക്കം.

# സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്നതിനൊപ്പം കോൺഗ്രസിലെ അനൈക്യം മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കം എൽ.ഡി.എഫ് നടത്തും.വയനാട് പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ ഇരുമുന്നണികളും കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കും.അതേസമയം, ബി.ജെ.പിയുമായി ഡീലുണ്ടെന്ന ആരോപണം പരസ്പരം ഉന്നയിക്കുന്നുണ്ട്.

# കേന്ദ്ര മന്ത്രിമാരടക്കമുള്ള നേതാക്കളാവും എൻ.ഡി.എയുടെ പ്രചാരണത്തിന് എത്തുക. യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികൾ ഇന്ത്യാമുന്നണിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ഇരുപക്ഷത്തെയും പ്രതിരോധിച്ച് മുന്നേറുന്നതാവും ബി.ജെ.പി തന്ത്രം.സംസ്ഥാന സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ കടുപ്പിക്കും