a

തിരുവനന്തപുരം:നിയമസഭയിൽ നക്ഷത്രചിഹ്നമിടാത്ത ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും കാലതാമസം. സഭയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്ന് സ്പീക്കർ തന്നെ വിമർശിച്ചിട്ടും ഉത്തരം നൽകുന്നതിൽ മന്ത്രിമാർക്ക് ജാഗ്രത ഇല്ല

സഭ സമ്മേളിച്ച ഏഴ് ദിവസങ്ങളിൽ 2,589 ചോദ്യങ്ങളാണ് വന്നത്. ഇതിൽ 909 ചോദ്യങ്ങൾക്ക് ഇനിയും മറുപടിയായിട്ടില്ല. വ്യക്തമായി ഉത്തരം നൽകണമെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രിയോട് 132 ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതിൽ 44 എണ്ണത്തിന് ഇന്നലെ വരെ മറുപടി കിട്ടിയിട്ടില്ല.

ഭരണ കാര്യങ്ങൾക്ക് പുറമേ രാഷ്ട്രീയവും ചേർന്ന ചോദ്യങ്ങൾക്കും മറുപടിയില്ല. കേരളീയം സ്‌പോൺസർഷിപ്പ്, വയനാട് പുനരധിവാസതിതനുള്ള സാലറി ചലഞ്ച്, എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച്ച, വടകരയിലെ വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം, ടിപി കേസിലെ പ്രതികളുടെ പരോൾ എന്നിങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിരയുണ്ട്.

മന്ത്രി ഗണേശ്കുമാറിനോട് 79 ചോദ്യങ്ങളും മന്ത്രി കൃഷ്ണൻകുട്ടിയോട് 128 ചോദ്യങ്ങൾ ഉനനയിച്ചു. ഇരുവരും ഒന്നിനും മറുപടി നൽകിയില്ല. എന്നാൽ മന്ത്രി ബാലഗോപാൽ 271 ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മറുപടി നൽകി. മന്ത്രി മുഹമ്മദ് റിയാസ്165 ചോദ്യങ്ങളിൽ 117നും മറുപടി നൽകിയില്ല. ആരോഗ്യ മന്ത്രിയോടുള്ള 206 ചോദ്യങ്ങളിൽ 47 എണ്ണത്തിന് ഉത്തരമില്ല. എം.ബി രാജേഷ് 75 ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നപ്പോൾ ജി.ആർ അനിൽ മൂന്നിന് ഉത്തരം നൽകിയില്ല. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, ചിഞ്ചുറാണി എന്നിവർ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.