poth

കുറ്റിച്ചൽ: കുറ്റിച്ചൽ ആര്യനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഉത്തരംകോട് പ്രദേശത്ത് കാട്ടുപോത്തിറങ്ങി. കോട്ടൂർ വനത്തിനോട് ചേർന്ന ഉത്തരംകോട്ട് കൂട്ടമായെത്തുന്ന കാട്ടുപോത്തുകൾ നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ നെടുവാൻവയൽ ഭാഗത്ത് നിന്നും വന്ന ഏഴോളം കാട്ടുപോത്തുകളാണ് ജനങ്ങൾക്ക് ഭീതി വിതച്ചത്.

കാട്ടുപോത്തുകൾ കോട്ടൂർ വനത്തിൽ നിന്നും ഒഴുകിയെത്തുന്ന തോട്ടിലൂടെ ഗ്രാമംവഴി മലവിളയും അവിടെ നിന്നും ഉത്തരംകോട് ജംഗ്ഷൻ വരെയുയെത്തി. പുലർച്ചെ ടാപ്പിംഗ് തൊഴിലാളികളാണ് കാട്ടുപോത്തുകളെ കാണുന്നത്. ഇവർ ബഹളം വച്ചതോടെ വന്നവഴി തിരിച്ച് വനത്തിലേക്ക് പോയതായും തൊഴിലാളികൾ പറഞ്ഞു. അടുത്തിടെയായി പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചുവരുന്നതായി പ്രദേശവാസികൾ പറയുന്നു.

വിളകൾ നശിപ്പിക്കുന്നു

കൂട്ടമായെത്തുന്ന ഇവ കൃഷിയിടങ്ങളിൽ കടന്നുകയറി വിളകൾ കുത്തിമറിച്ച് നശിപ്പിക്കുക പതിവാണ്. പുലർച്ചെ റബർ ടാപ്പിംഗിനായി പോകുന്ന തൊഴിലാളികൾക്കും ഇവ ഭീഷണിയാണ്. ഇരുട്ടിൽ പെട്ടെന്ന് മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണ സ്വഭാവം കാണിക്കുന്നതാണ്.

പലപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവയെ തുരത്തി കാട്ടിലേക്ക് അയച്ചിട്ടുണ്ട്.

ഇലക്ട്രിക്ക് ഫെൻസിംഗ് ഒരുക്കണം

പ്രദേശങ്ങളിൽ കാട്ടു പന്നിയുടെയും കാട്ടാനയുടെയും ശല്യം ഉണ്ടായിട്ടുണ്ട്. അതിർത്തിപ്രദേശങ്ങളിൽ വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സോളാർ ഇലക്ട്രിക്ക് ഫെൻസിംഗ് ഉൾപ്പെടെ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.