pallikal-schoolil-kaduvet

പള്ളിക്കൽ: പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടങ്ങൾക്ക് സമീപമുള്ള കാടുകൾ വെട്ടിത്തെളിച്ചു. കാടുകയറിയ സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്തയും ചിത്രവും പ്രസിദ്ധികരിച്ചതിന് പിന്നാലെയാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ചുറ്റും ആൾപ്പൊക്കത്തിൽ പാഴ്ച്ചെടികളും​ അതിനുള്ളിൽ ഇഴജന്തുക്കളടക്കം ക്ഷുദ്രജീവികളും വിദ്യാർത്ഥികളുടെ ജീവനു ഭീഷണിയായിരുന്നു. ആയിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ചുറ്റുമതിൽ കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കാട്ടുചെടികൾ വളർന്ന് പൊങ്ങിയത്. ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്തിലെ പലഭാഗങ്ങളും സന്നദ്ധ പ്രവർത്തകർ ശുചീകരിച്ചെങ്കിലും സ്കൂൾ പരിസരം ഒഴിവാക്കുകയായിരുന്നു.