padmanabha-swami-temple

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിൽ നിവേദ്യത്തിന് ഉപയോഗിക്കുന്ന ഉരുളിയാണ് മോഷ്ടിച്ചത്. പുരുഷനും രണ്ട് സ്ത്രീകളുമടങ്ങുന്ന മോഷണസംഘത്ത ഗുഡ്‌ഗാവ് പൊലീസ് ഹരിയാനയിൽ നിന്ന് പിടികൂടി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഫോർട്ട് സി.ഐ ഹരിയാനയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തലസ്ഥാനത്തെത്തിക്കും.

പുരുഷൻ ഹരിയാനയിലെ ഡോക്ടറാണെന്നാണ് സൂചന. ഇയാൾക്ക് ഓസ്ട്രേലിയൻ പൗരത്വമുള്ളതായും പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകിട്ട് നിവേദ്യപാത്രങ്ങൾ ഉൾപ്പെടെ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കുറവ് കണ്ടെത്തിയത്. തുടർന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൂന്നംഗ സംഘം ഉരുളി മോഷ്ടിച്ചതായി കണ്ടെത്തിയത്. ഉടൻ ഫോർട്ട് പൊലീസിൽ വിവരമറിയിച്ചു. തുടർന്നാണ് അതിവേഗം പ്രതികളെ പിടികൂടിയത്.

ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു മൂന്നംഗ സംഘം.

ചുറ്റിനടന്ന് തൊഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പുരുഷൻ തിടപ്പള്ളിക്ക് സമീപം വച്ചിരുന്ന ഉരുളിയെടുത്ത് മുണ്ടിൽ ഒളിപ്പിച്ചശേഷം പുറത്തേക്ക് പോയി. വെള്ളിയാഴ്ച നടത്തിയ അന്വേഷണത്തിൽ ഇവർ ഉടുപ്പിയിലെത്തിയതായും അവിടെ നിന്ന് വിമാനത്തിൽ ഹരിയാനയിലേക്ക് പോയതായും കണ്ടെത്തി. ഇവരുടെ വിവരം ഹരിയാന പൊലീസിന് കൈമാറിയതിനെ തുടർന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നും പദ്മനാഭന്റെ പാത്രം പൂജാമുറിയിൽ സൂക്ഷിക്കാനാണ് എടുത്തതെന്നുമാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയാണ്. മോഷണം പൊലീസിനും തലവേദനയായി. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം.