കല്ലറ: കർഷക പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് റബർ വില താഴേക്ക്. കിലോയ്ക്ക് 252 വരെ ഉയർന്ന റബർ വില ഒരു മാസത്തിനുള്ളിൽ 190ലേക്ക് നിലംപൊത്തി. റെയിൻ ഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് സജീവമാക്കിയവരും മറ്റു ജോലികളിൽ ഏർപ്പെട്ട് തിരികെ വീണ്ടും ടാപ്പിംഗ് മേഖലയിലേക്ക് വന്നവരും ദുരിതത്തിലായിരിക്കുകയാണ്. ഉത്പാദനം കൂടുകയും ആവശ്യം കുറയുകയും ചെയ്താൽ വില ഇനിയും ഇടിയും. വരവിനേക്കാൾ ചെവല് കടന്ന് കൂടുമ്പോൾ കൃഷി ഉപേക്ഷിക്കാൻ കർഷകർ തന്നെ നിർബന്ധിതരാകുന്നു. ഇടയ്ക്ക് വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലിയും വർദ്ധിപ്പിച്ചിരുന്നു. അതേസമയം റബർ അധിഷ്ഠിത വ്യവസായിക ഉത്പന്നങ്ങൾക്ക് വില കൂടുകയാണ്. വിലയിലെ ചാഞ്ചാട്ടം കർഷകരെ ദുരിതത്തിലാക്കുകയാണ്. വില ഉയർന്നപ്പോൾ സ്റ്റോക്ക് ചെയ്ത് വച്ചവർ ഇപ്പോൾ പ്രതിസന്ധിയിലായി. പലരും കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്. ഓണത്തിന് മുൻപ് നിർത്താതെ മഴ പെയ്തതിനാൽ പലതോട്ടങ്ങളിലും ടാപ്പിംഗ് നിറുത്തി വച്ചിരിക്കുകയായിരുന്നു. ഓണത്തിന് ശേഷം റബർ വെട്ടി ഓണമാഘോഷിച്ച് കടം വീട്ടാമെന്ന് കരുതിയിരുന്നവരാണ് ഇപ്പോൾ പെട്ടിരിക്കുന്നത്.
ഇപ്പോഴത്തെ റബർ വില - 190
ടാപ്പിംഗ് കൂലി - 2 മുതൽ 2.50 രൂപ വരെ
കഷ്ടപ്പെട്ടിട്ടും കൂലിയില്ല
ഒരു ഹെക്ടറിൽ 450 മരങ്ങൾ കൃഷി ചെയ്യാം. ടാപ്പ് ചെയ്യാൻ ഏഴുവർഷം വളർച്ച വേണം. കുഴികുത്തി നല്ലയിനം തൈ നട്ടുപിടിപ്പിച്ച് കാട് തെളിച്ച് വളമിട്ട് പരിപാലിച്ച് ആദായമെടുക്കുമ്പോൾ മുടക്കുമുതലുമായി ഒത്തുനോക്കിയാൽ നഷ്ടക്കണക്കാണ്. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 200 രൂപയാകും. മഴക്കാലത്ത് ഒരു മരത്തിൽ ഗാർഡ് ഘടിപ്പിക്കുന്നതിന് 50 രൂപ ചെലവാകും. വളത്തിനും ആസിഡിനും വില കൂടി. ഒരു വർഷത്തെ പരിപാലനത്തിന് മാത്രം 1.5 ലക്ഷത്തിലേറെ ചെലവാകും.
തൊഴിലുപേക്ഷിക്കുന്നു
വില കുറഞ്ഞപ്പോൾ റബ്ബർ തോട്ടങ്ങളിൽ കുരുമുളക് പടർത്തിയവരുമുണ്ട്. പല തോട്ടങ്ങളും കാടുകയറി വന്യജീവികളുടെ താവളമായി. ടാപ്പിംഗ് തൊഴിലാളികൾ തൊഴിലുപേക്ഷിച്ച് മറ്റു മേഖലകൾ തേടി പോയി. എന്നാൽ വില വർദ്ധിച്ചതോടെ ചെറിയ മഴയിലും ടാപ്പിംഗ് നടത്താൻ പലതോട്ടം ഉടമകളും തുടങ്ങിയെങ്കിലും വീണ്ടും വില താഴുന്നത് ആശങ്കയിലാക്കുകയാണ്. ഒരു മരം ടാപ്പിംഗ് ചെയ്യുന്നതിന് 2 രൂപ മുതൽ 2.50 രൂപ വരെ കൂലിയുണ്ട്. വില ഇനിയും താഴ്ന്നാൽ കൂലി കൊടുക്കാനെ ഉണ്ടാകൂവെന്നാണ് തോട്ടമുടമകൾ പറയുന്നത്. രാജ്യാന്തര വില താഴുമ്പോഴും ആഭ്യന്തരവിപണിയിലെ ഉയർച്ച മലയോരകർഷകരുടെ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ വീണ്ടും പ്രതീക്ഷകൾ അസ്ഥാനത്തായിരിക്കുകയാണ്. ഇനി തുലാവർഷമായാൽ റബർ വെട്ടും നടക്കില്ല.