vcb

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി വിതരണം സുഗമമാക്കാൻ പുതിയ വി.സി.ബി (വാക്വം സർക്യൂട്ട് ബ്രേക്കർ) എത്തിച്ചു. ഇവ സ്ഥാപിക്കുന്നതോടെ ആശുപത്രി ഇനി ഇരുട്ടിലാകുമെന്ന പേടിവേണ്ട. കഴിഞ്ഞ മാസം 29ന് എസ്.എ.ടി മൂന്ന് മണിക്കൂറോളം ഇരുട്ടിലാകാൻ കാരണം വി.സി.ബിയിലെ തകരാറായിരുന്നു. 30ലക്ഷം വിലയുള്ള സ്നൈഡർ കമ്പനിയുടെ പാനൽ ഗുജറാത്തിൽ നിന്ന് ഇന്നലെയാണ് എത്തിയത്. ഇവ ക്രെയിൻ ഉപയോഗിച്ച് ഇറക്കി. ഇനി വി.സി.ബി സ്ഥാപിക്കാനുള്ള ജോലികളിലേക്ക് കടക്കും. ഈ സമയത്ത് പ്രവർത്തിക്കാനുള്ള ജനറേറ്ററുകൾ എത്തിക്കാനും തീരുമാനമായി.

 മുന്നൊരുക്കം തുടങ്ങി

വി.സി.ബി സ്ഥാപിക്കാൻ അഞ്ചുദിവസം കെ.എസ്.ഇ.ബിയിൽ നിന്നുള്ള വൈദ്യുതി പൂർണമായി വിച്ഛേദിക്കണം. ഈ ജോലികൾ പൂർത്തിയാകുന്നതുവരെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായി ജനറേറ്ററിലായിരിക്കും. ഇതിനായി കരാറുകാരൻ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, കെ.എസ്.ഇ.ബി, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകി. ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിയിലെ ലൈനുകളെ ജനറേറ്ററുകളിലേക്ക് ഘടിപ്പിക്കുന്ന ഒരു മണിക്കൂർ പൂർണമായും വൈദ്യുതി തടസപ്പെടും. അതിനാൽ ആശുപത്രി അധികൃതർ ഇതിനുള്ള മുന്നൊരുക്കം നടത്തിയ ശേഷമാകും ജോലികൾ ആരംഭിക്കുക. നിലവിലുള്ള സ്ഥിരം ജനറേറ്ററുകൾക്ക് പുറമേ പുറത്തുനിന്നുള്ളവയും എത്തിക്കും. ആവശ്യമായതിൽ കൂടുതൽ ജനറേറ്ററുകൾ സ്ഥലത്ത് കരുതും.

ഇരുട്ടിലാക്കിയ തകരാറ്

കാലപ്പഴക്കംചെന്ന വി.സി.ബി മാറ്റാനായി പുതിയതിന് കരാറുകാർ നാലരമാസം മുമ്പ് ഓ‌ർഡർ നൽകി.

അതിനിടെ ആർ.എം.യുവിൽ (റിംഗ് മെയിൻ യൂണിറ്റ്) അറ്റകുറ്റപ്പണി വേണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വി.സി.ബി തകരാറിലായിരികെ അറ്റകുറ്റപ്പണി നടത്തുന്നത് വെല്ലുവിളി.

അടിയന്തര സാഹചര്യമാണെങ്കിൽ പുറത്തുനിന്ന് ജനറേറ്ററുകൾ എത്തിച്ച് മുൻകരുതലെടുക്കണം.

എസ്.എ.ടിയിലെ പി.ഡബ്ല്യു.ഡി അസി.എൻജിനിയർ ഉൾപ്പെടെ വി.സി.ബി തരാറിനെ നിസാരവത്കരിച്ചു.

മുൻകരുതലെടുക്കാതെ കെ.എസ്.ഇ.ബിക്ക് അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകി.

പണിപൂർത്തിയാക്കി ചാർജ് ചെയ്തപ്പോൾ വി.സി.ബി മൊത്തത്തിൽ തകരാറിലായി. വൈദ്യുതിബന്ധം താറുമാറായി.

എന്താണ് വി.സി.ബി

കെ.എസ്.ഇ.ബിയുടെ ലൈനിൽ നിന്നും ആർ.എം.യുവിലൂടെ വൈദ്യുതി വി.സി.ബിയിലേക്ക് എത്തും. തുടർന്ന് എസ്.എ.ടിക്ക് മാത്രമുള്ള രണ്ട് ട്രാൻസ്‌ഫോമറിലേക്ക്. അവടെ നിന്ന് ഡിസ്ട്രിബ്യൂഷൻ പാനലിലൂടെ ആശുപത്രിയിലെ വിവിധയിടങ്ങിലേക്ക് വൈദ്യുതി ലഭ്യമാകും.