
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ റോഡുകൾ ഭൂരിഭാഗവും തകർന്ന് തരിപ്പണമായി. ഈ റോഡിലൂടെ യാത്ര ചെയ്യാൻ നന്നേ പാടുപെടുകയാണ് യാത്രക്കാരും പ്രദേശവാസികളും. റോഡുകളിൽ മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡേത് കുഴിയേതെന്ന് മനസിലാവാത്ത അവസ്ഥയാണ്. കുഴി അറിയാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളുണ്ടാവുന്നതും പതിവാണ്. ജനങ്ങൾ പഞ്ചായത്തിൽ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കാൽനടയാത്രക്കാരും റോഡിലെ ചെളിക്കുഴിയിൽ വീണ് പരിക്ക് പറ്റുന്നതും പതിവായിട്ടുണ്ട്. ഓട്ടോറിക്ഷകളും ഈ റോഡിൽ കൂടി സഞ്ചരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഈ റോഡ് വഴിയുളള യാത്ര വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാക്കുന്നു. ഈ റോഡിലൂടെയുളള യാത്ര അപകടം ഉണ്ടാക്കുന്നതും ക്ലേശകരമാണെന്നും ഓട്ടോ തൊഴിലാളികളും നാട്ടുകാരും പറയുന്നു. കാൽനടയായ് സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും ഈ റോഡ് അപകടഭീഷണിയായി മാറി. മഴയായാൽ റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ദേഹത്ത് തെറിക്കുന്ന അവസ്ഥയുമുണ്ട്. തകർന്ന ഈ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ആവശ്യപ്പെട്ടു.
തകർന്നടിഞ്ഞ് റോഡുകൾ
ഊട്ടുപറമ്പ് ക്ഷേത്രം വഴി വെട്ടുപുറം - തോണിക്കടവ് - തെറ്റിമൂല റോഡ്, മീരാൻകടവ് പാലത്തിന് സമീപം വടതാഴി വഴി ചമ്പാവ് പള്ളിയിൽ പോകുന്ന റോഡ്, ചെക്കാലവിളാകം ഗുരുസ്വാമി ജംഗ്ഷൻ മുതൽ ജാനകി ഹോസ്പിറ്റൽ - കടയ്ക്കാവൂർ കേരളകൗമുദി ബ്യൂറോ - റെയിൽവെ സ്റ്റേഷൻ റോഡ്, ചെക്കാലവിളാകം - കൊച്ചുതിട്ട വഴി - ഗ്യാസ് ഏജൻസി - മാടൻനട റോഡ്, കടയ്ക്കാവൂർ ഓവർബ്രിഡ്ജ് - പൊലുനിലം വഴി - മേൽകടയ്ക്കാവൂർ എത്തിച്ചേരുന്ന റോഡ്, കടയ്ക്കാവൂർ - സബ്ട്രഷറി റോഡ്, കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷൻ വഴിവക്കത്തേക്ക് പോകുന്ന റോഡ്, കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ - ശങ്കരംതാഴം - ഗ്യാസ് ഏജൻസി റോഡ് തുടങ്ങിയ പല പഞ്ചായത്ത് റോഡുകളും തകർന്നിടിഞ്ഞ് യാത്ര ചെയ്യാൻ നിവർത്തിയില്ലാതെയായി.