road

വക്കം: വിളയിൽമൂല കുന്നുംപുറം റോഡ് മരണക്കെണിയായി മാറിക്കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിട്ടി പൈപ്പിടാൻ റോഡ് വെട്ടി പൊളിച്ചപ്പോൾ തുടങ്ങിയതാണ് വിളയിൽമൂല കുന്നുംപുറത്തുകാരുടെ യാത്രാദുരിതം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന വിളയിൽമൂലയിൽ നിന്നും കുന്നുംപുറത്തേക്കും ഐ.ഒ.ബി, സുബ്രഹ്മണ്യൻ കോവിലിലേക്കും പോകുന്ന റോഡിനാണ് ഈ അവസ്ഥ. റോഡ് തുടങ്ങുന്ന ഭാഗത്ത് റോഡിന്റെ മദ്ധ്യഭാഗത്തായാണ് ജലഅതോറിട്ടി പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് സ്ഥാപിച്ചതിന് ശേഷം പൂർവസ്ഥിതിയിലാക്കുവാനോ, ടാറിടാനോ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമായത്. ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇപ്പോൾ മെറ്റലിളകി റോഡിൽ ചിതറി കിടക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രയും വാഹനയാത്രയും ദുഷ്കരമായി. 250ഓളം വരുന്ന വീട്ടുകാരുടെ സഞ്ചാരപാതയാണ് ഇത്തരത്തിൽ തകർന്നിരിക്കുന്നത്.

അപകടങ്ങൾ പതിവ്

പൊളിഞ്ഞ ഭാഗത്ത് കൂടി വാഹനങ്ങളോടി ഇപ്പോൾ റോഡ് പൂർണമായും തകർന്നു. ഇരുചക്ര വാഹനങ്ങൾ മെറ്റലുകളിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. മഴയെത്തിയതോടെ റോഡിൽ വെള്ളം കെട്ടുന്നതും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. കൂടാതെ തെരുവ് വിളക്കുകൾ യഥാവിധം പ്രകാശിക്കാത്തതും അപകടത്തിന് കാരണമാണ്. കാറുകൾ, സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ടാക്സി, ഓട്ടോറിക്ഷകളൊന്നും തന്നെ ഓട്ടത്തിന് വരാത്ത സാഹചര്യവുമുണ്ട്. ഇതോടെ രോഗികളും കിടപ്പു രോഗികളും ദുരിതത്തിലായി. അതുമൂലം പ്രദേശവാസികൾക്ക് ഒരു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച്‌ പഴയ വില്ലേജ് ഓഫീസിന്റെ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതിയും നിവേദനവും നൽകിയെങ്കിലും യാതൊരു നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.