vld-1

വെള്ളറട: കാരക്കോണം സോമർവെൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ ആരോഗ്യ ചികിത്സാപദ്ധതിയുടെ ഉദ്ഘാടനം വിളവൻകോട് എം.എൽ.എ ഡോ. താര ഹൈകത് ബർട്ട് നിർവഹിച്ചു. തമിഴ്നാട് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ന്യൂ ഹെൽത്ത് ഇൻഷ്വറൻസ് ചികിത്സാ പട്ടികയിൽ കാരക്കോണം മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്തിയതിന്റെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആയുഷ്മാൻ ഭാരത് പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗർഭിണികൾക്കുള്ള പ്രത്യേക ചികിത്സ പരിരക്ഷ പദ്ധതി, വയോജനങ്ങൾക്കുള്ള ജിറിയാട്രിക് ക്ളിനിക് എന്നീ നാല് പദ്ധതികളാണ് ആരംഭിച്ചത്. യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: അനൂഷ മെർലിൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കുഴിത്തുറ മുൻസിപ്പൽ ചെയർമാൻ പൊൻ ആശൈ തമ്പി, പളുകൽ ടൗൺ പഞ്ചായത്ത് പ്രസിഡന്റ് ലിജി വിജിൻ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി,​ തുടങ്ങിയവർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പളുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയേന്ദ്രൻ,​ ജി. കുമാർ,​ മെഡിക്കൽ സൂപ്രണ്ട് ഡോ: എസ് ബാബുരാജ്,​ ഡെപ്യൂട്ടി സൂപ്രണ്ട് റെജി ഇബനീസർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കുന്നത്തുകാൽ,​ പളുകൽ പഞ്ചായത്തിലെ തൊഴിലുറപ്പുകാർക്ക് മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു. തുടർന്ന് സൗജന്യ ജിറിയാട്രിക് മെഡിക്കൽ ക്യാമ്പും നടന്നു.