
ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നായ മുത്തശി പ്ലാവിന്റെ രണ്ടാം വട്ടസുഖചികിത്സ ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ ആരംഭിച്ചു. 500 വർഷത്തിലേറെ പ്രായം കണക്കാക്കുന്ന പ്ലാവിന് വൃക്ഷായുർവേദ ചികിത്സാ രീതി അനുസരിച്ചാണ് പുതുജീവൻ നൽകുന്നത്. ചെമ്പഴന്തി വയൽവാരം വീടിന് സമീപം, ഗുരുകുലം ഓഫീസിനോട് ചേർന്നാണ് പ്ലാവ് സ്ഥിതിചെയ്യുന്നത്. വൃഷത്തിന്റെ തായ്ത്തടിയുടെ കാതൽ നശിച്ചുതുടങ്ങിയെങ്കിലും ശേഷിക്കുന്ന പ്ലാവിന്റെ ശിഖരങ്ങളിൽ കായ്ഫലമുണ്ടാകാറുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. വിഴാലരി, പശുവിൻപാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽപൂറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ പ്രത്യേക രീതിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ് 7 ദിവസം തുടർച്ചയായി 3 ലിറ്റർ പാൽ തടിയിൽ സ്പ്രേ ചെയ്യുന്നതാണ് ചികിത്സാ രീതി.