തിരുവനന്തപുരം: കേരളത്തിൽ ഐ.ടി മേഖലയുടെ സമഗ്രവളർച്ചയ്ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ കഴക്കൂട്ടം കണ്ണൂർ ഐ.ടി ഇടനാഴിയുടെ ഭാഗമായ തിരുവനന്തപുരം കൊല്ലം ഐ.ടി ഇടനാഴി യാഥാർത്ഥ്യമാകുന്നതിൽ അനിശ്ചിതത്വം. സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കാത്തതിനാലാണ് പദ്ധതി ഇഴയുന്നത്. സർക്കാരിന്റെ സാമ്പത്തികമാന്ദ്യത്തെ തുടർന്നാണ് സ്ഥലമേറ്റെടുക്കൽ വൈകുന്നതെന്നാണ് റിപ്പോർട്ട്. പള്ളിപ്പുറം ടെക്നോ സിറ്റി മുതൽ കൊല്ലം വരെയാണ് ഇടനാഴിയായി പ്രഖ്യാപിച്ചത്. 2022ൽ പദ്ധതി പ്രഖ്യാപിച്ചു. 2023, 2024 ബഡ്ജറ്റുകളിലും പദ്ധതിക്കായി തുക വകയിരുത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (കെ.എസ്‌.ഐ.ടി.ഐ.എൽ) പദ്ധതി നിർവഹണ ചുമതല. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു. സ്വാകാര്യ പങ്കാളിത്തം കൂടി ഉൾപ്പെടുത്തുന്ന പദ്ധതിക്കായി താത്പര്യപത്രവും ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുമായി ചർച്ച നടക്കുകയാണ്.

പദ്ധതി

തിരുവനന്തപുരം മുതൽ കൊല്ലം വരെ സമഗ്ര ഐ.ടി ഇടനാഴി

ജോലി, പാർപ്പിട സൗകര്യങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മിനി ടൗൺഷിപ്പുകൾ

ചെറുകിട ഐ.ടി പാർക്കുകൾ

200 ഏക്ക‌ർ വേണം

ദേശീയ പാത 66ന്റെ വശത്തായാണ് ഐ.ടി ഇടനാഴി സ്ഥാപിക്കാൻ പദ്ധതിയിട്ടത്. ഇതിനായി സർക്കാർ,​ സ്വകാര്യ ഭൂമികൾ ഉൾപ്പെടെ 200 ഏക്കർ ആവശ്യമാണ്. ഇത് സംബന്ധിച്ച് പദ്ധതി നിർവഹണ കമ്പനിയായ കെ.എസ്‌.ഐ.ടി.ഐ.എൽ സർക്കാരിന് പദ്ധതിരേഖ സമർപ്പിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമായിരിക്കും. എതിർപ്പുകൾ ഒഴിവാക്കാൻ ഭൂഉടമകളുമായി പ്രാരംഭ ചർച്ചകൾ നടത്തും. ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെയും സർക്കാർ പുറമ്പോക്ക് ഭൂമികളുടെയും വിശദാംശങ്ങൾ ഐ.ടി വകുപ്പ് റവന്യു വകുപ്പിനോട് തേടിയിരിക്കുകയാണ്.

പദ്ധതി വന്നാൽ

ഐ.ടി മേഖലയിൽ തൊഴിലവസരം വർദ്ധിക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവയുടെ അടിസ്ഥാനത്തിൽ നൂതന സേവനങ്ങളും പ്രൊഡക്ടുകളും വികസിപ്പിച്ചാൽ ലക്ഷക്കണക്കിന് പേർക്ക് കേരളത്തിൽ തൊഴിൽ ലഭിക്കും

അന്താരാഷ്ട്ര വൻകിട കമ്പനികൾ കേരളത്തിലെത്തും

പുതിയ ഐ.ടി വ്യവസായങ്ങൾ ആരംഭിക്കും

എല്ലാ മേഖലയിലും ഐ.ടി പ്രാതിനിധ്യം വരും

ആദ്യ കോറിഡോറായ ടെക്നോപാർക്ക് ഫേസ് (III) മുതൽ കൊല്ലം വരെ ആറു സ്ഥലങ്ങളിലായി 200 ഏക്കർ ഭൂമി ഐ.ടി വ്യവസായത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. ഐ.ടി കോറിഡോറിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി വ്യവസായം തുടങ്ങുന്നതിനുള്ള കോ-ഡെവലപ്പേഴ്‌സിനെ കണ്ടെത്തുന്നതിനായി കെ.എസ്.ഐ.ടി.ഐ.എൽ താത്പര്യം പ്രകടിപ്പിക്കൽ പത്രം ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കായി രണ്ട് സംരംഭകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ.. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മറുപടി നൽകിയത്.