 
ശിവഗിരി: ആദ്ധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന ശിവഗിരി തീർത്ഥാടനത്തിന് പകരമായി മറ്റൊന്ന് ലോകചരിത്രത്തിൽ കാണാനാവില്ലെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ലോകത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഭരണാധിപന്മാരും ആത്മീയ പ്രതിഭകളും ശാസ്ത്രജ്ഞന്മാരും സാഹിത്യകാരന്മാരും ഉൾപ്പെടെയുള്ളവർ വേദി പങ്കിടുന്ന തീർത്ഥാടനം ശിവഗിരിയിലെ അറിവിന്റെ തീർത്ഥാടനമാണെന്ന് അദ്ദേഹം പറഞ്ഞു. 92-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ആലോചനായോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി.
ഗുരുദേവ-ഗാന്ധി സമാഗമ ശതാബ്ദി ഉൾപ്പെടെ ചരിത്രപരമായ വിവിധ സംഭവങ്ങൾ ഒത്തുചേരുന്ന വേളയിലാണ് 92-ാമത് തീർത്ഥാടനം. ലോകമാകെ ഇവയൊക്കെ ആഘോഷിക്കുകയും ശിവഗിരിയിൽ കേന്ദ്രീകൃത സമ്മേളനങ്ങൾ തീർത്ഥാടന കാലത്ത് ഉണ്ടാവുകയും ചെയ്യുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വി. ജോയി എം.എൽ.എ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, മുൻ എം.എൽ.എ. വർക്കല കഹാർ, വർക്കല എസ്.എച്ച്.ഒ. പ്രവീൺ, തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചരണ സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കമ്മറ്റികൾക്കും രൂപം നല്‍കി.
ഫോട്ടോ: 92-ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി രൂപീകരണ യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു. വർക്കല കഹാർ, സ്മിതാ സുന്ദരേശൻ, കെ. എം. ലാജി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, വി. ജോയി എം.എൽ.എ, സ്വാമി വിരജാനന്ദഗിരി, കെ.ടി. സുകുമാരൻ തുടങ്ങിയവർ സമീപം