
തിരുവനന്തപുരം: പേരൂർക്കട ജലസംഭരണിയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനിലുണ്ടായ ചോർച്ചയും അടച്ചു. പി.ടി.പി നഗറിലെ പണിക്ക് പിന്നാലെയാണ് വാട്ടർ അതോറിട്ടി നിശ്ചിത സമയത്തിനുള്ളിൽ പണികൾ തീർത്തത്. ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച പണി ഇന്നലെ രാവിലെ 7.30ഓടെ പൂർത്തിയാക്കി. ഇന്ന് രാവിലെ 6ന് മുമ്പ് തീർക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചോർച്ച കണ്ടെത്തിയത് 280 എം.എം ബെൻഡ് പൈപ്പിലായതിനാൽ 10 മണിക്കൂറിനകം പണി തീർക്കാനായെന്ന് അധികൃതർ പറഞ്ഞു.
പേരൂർക്കട ജലസംഭരണിയിൽ നിന്നുള്ള 700 എം.എം, 280 എം.എം പൈപ്പുകൾ കടന്നുപോകുന്ന ജംഗ്ഷനിലെ റോഡിന്റെ മദ്ധ്യഭാഗത്താണ് വലിയ തോതിലുള്ള ചോർച്ച കണ്ടെത്തിയത്. കുടപ്പനക്കുന്ന്, നെടുമങ്ങാട് ഭാഗത്തേക്കുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് ചോർച്ചയുണ്ടായതിനാൽ പൊട്ടലെവിടെയെന്ന് കണ്ടെത്താനോ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തുന്നതിനോ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പണികൾക്കായി 32 മണിക്കൂർ ജലവിതരണം നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, 280 എം.എം പൈപ്പിലാണ് പൊട്ടലുണ്ടായതെന്ന് കണ്ടെത്തിയതോടെ ഈ ഭാഗം മുറിച്ചുമാറ്റി പുതിയത് സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
അടുത്ത പണി 23 മുതൽ
വഴുതക്കാട് ജംഗ്ഷനിൽ ആകാശവാണി റോഡിലേക്ക് ഇന്റർകണക്ഷൻ നൽകുന്ന ജോലികളും രണ്ട് ഭാഗത്ത് ചോർച്ചയുണ്ടായതും 23ന് പരിഹരിക്കും. ഇതിനായി 23ന് രാവിലെ 8 മുതൽ 24ന് രാവിലെ 8 വരെ ജലവിതരണം നിറുത്തിവയ്ക്കും. ഇത് കൂടാതെ കുര്യാത്തി സെക്ഷൻ പരിധിയിൽ പടിഞ്ഞാറെനട കൊപ്പളം ജംഗ്ഷനിലും എസ്.പി ഫോർട്ട് ആശുപത്രിക്ക് മുന്നിലുമായി 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലികൾ 24 മുതൽ 25 വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കുടിവെള്ളം മുടങ്ങും
23ന് രാവിലെ 8 മുതൽ 24ന് രാവിലെ 8 വരെ:
പാളയം,സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്,എ.കെ.ജി സെന്ററിന്റെ സമീപപ്രദേശങ്ങൾ,പി.എം.ജി, ലാ കോളേജ്,കുന്നുകുഴി,വെള്ളയമ്പലം,ആൽത്തറ,സി.എസ്.എം നഗർ,വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജംഗ്ഷൻ, ഇടപ്പഴിഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ജഗതി, തൈക്കാട്,മേട്ടുക്കട,വലിയശാല എന്നിവിടങ്ങളിൽ പൂർണമായും, ജനറൽ ഹോസ്പിറ്റൽ,തമ്പുരാൻമുക്ക്,വഞ്ചിയൂർ,ഋഷിമംഗലം,ചിറകുളം, കുമാരപുരം,അണമുഖം,കണ്ണമ്മൂല
24ന് രാത്രി 8 മുതൽ 25ന് രാവിലെ 8 വരെ: കുര്യാത്തി,ശ്രീകണ്‌ഠേശ്വരം,ചാല,വലിയശാല,മണക്കാട്,ശ്രീവരാഹം,പെരുന്താന്നി,പാൽക്കുളങ്ങര,ചാക്ക,ഫോർട്ട്,വള്ളക്കടവ്,കമലേശ്വരം,അമ്പലത്തറ,വലിയതുറ,തമ്പാനൂർ,ശംഖുംമുഖം,കളിപ്പാൻകുളം,ആറ്റുകാൽ.