fire

ഉള്ളൂർ: മെഡിക്കൽ കോളേജിന് സമീപത്തെ മൂന്ന് വ്യാപാരസ്ഥാപനങ്ങൾ തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് സംഭവം. ട്രിഡാ കോംപ്ലക്സിന് എതിർവശത്തെ കെ.കെ.ആർ.ജി ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന അമൃതാ ഫ്രൂട്സ് ആൻഡ് സോഫ്റ്റ് ഡ്രിഗ്സ്, സമീപത്ത് പ്രവർത്തിച്ചിരുന്ന റിംഗ് ടോൺ മൊബൈൽ കട, മോനു മോളു വിഷ്വൽസ് എന്ന കണ്ണാടിക്കട എന്നിവയാണ് കത്തിയത്.

കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടെങ്കിലും ഷട്ടർ താഴ്ന്നുകിടന്നതിനാൽ തീയണയ്ക്കാൻ പ്രദേശവാസികൾക്ക് കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തിയാണ് തീഅണച്ചത്. ഫ്രൂട്സ് സോഫ്റ്റ് ഡ്രിംഗ്സ് കടയിൽ എകദേശം 9 ലക്ഷത്തിന്റെയും മൊബൈൽ കടയിൽ 8 ലക്ഷത്തിന്റെയും കണ്ണാടി കടയിൽ 3 ലക്ഷത്തിന്റെയും നാശനഷ്ടം സംഭവിച്ചെന്നാണ് നിഗമനം. ഫ്രൂട്ട്സ് കടയിലെ രണ്ട് ഫ്രിഡ്ജുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നവയാണ്. ഇതിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. യഥാർത്ഥ കാരണം കണ്ടെത്താൻ കടകളിൽ നിന്ന് പൊലീസിന്റെ സയന്റിഫിക് വിഭാഗം സാമ്പിളുകൾ ശേഖരിച്ചു.