
നേമം: നേമം സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപക്കൂട്ടായ്‌മ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളും. നിക്ഷേപിച്ച പണം തിരികെ നൽകണമെന്നും തട്ടിപ്പിൽ ബാങ്ക് അധികൃതർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ബാങ്കിന് പ്രവർത്തി ദിവസമായ ഇന്നലെ വൈകിട്ട് 5ഓടെ നിക്ഷേപക കൂട്ടായ്‌മ രക്ഷാധികാരി മുജീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപകരെത്തിയത്. ഈ സമയം ജീവനക്കാർ മടങ്ങിയിരുന്നെങ്കിലും പ്രസിഡന്റ് ബാങ്കിലുണ്ടായിരുന്നു. ആവശ്യം ആവർത്തിച്ചെങ്കിലും പ്രസിഡന്റ് പ്രതികരിക്കാതായതോടെ സമരക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ വിവരമറിഞ്ഞ് കൂടുതൽ നിക്ഷേപകരെത്തി. ഇതോടെ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പലതവണ ചർച്ച നടത്തിയിട്ടും അവർ പിന്മാറിയില്ല. വീൽച്ചെയറിലുള്ള രോഗിയും സ്ത്രീകളും പ്രതിഷേധത്തിനെത്തിയിരുന്നു.
ഇതിനിടെ ബാങ്ക് അധികൃതരെ പിന്തുണക്കുന്നവരും സ്ഥലത്ത് തടിച്ചുകൂടിയതോടെ രംഗം വഷളായി. ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാരുടെ നേർക്ക് എതിർഭാഗം കയർക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന് നിക്ഷേപക കൂട്ടായ്‌മ ആരോപിച്ചു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. നിക്ഷേപകരുടെ പരാതിയിൽ ബാങ്ക് അധികൃതർക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ പ്രതിഷേധക്കാർ രാത്രി എട്ടോടെ പിരിഞ്ഞുപോയി. പ്രതിഷേധത്തിന് നിക്ഷേപക കൂട്ടായ്‌മ രക്ഷാധികാരി മുജീബ് റഹ്മാൻ,കൺവീനർ കൈമനം സുരേഷ്,താഹ,അഖില എന്നിവർ നേതൃത്വം നൽകി.