പാലോട്: കനത്ത മഴ, റോഡിൽ കുഴികൾ, അതിവേഗക്കാർ റോഡിലെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ പണി ഇരന്നു വാങ്ങാം. കനത്ത മഴയ്ക്കൊപ്പം റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞാൽ വാഹനയാത്രക്കാരുടെ ദുരിതം ഇരട്ടിയാകും. നിരവധി അപകടങ്ങളാണ് അടുത്തിടെ ഉണ്ടായത്. അപകടത്തിൽപ്പെട്ടതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്.
അല്പമൊന്ന് ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
കുടചൂടി യാത്ര അരുത്
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാത്ര ചെയ്യരുത്. നിരവധി പ്രാവശ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പാലിക്കാൻ യാത്രക്കാർ തയ്യാറാവുന്നില്ല.
ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം
സാധാരണ വേഗതയെക്കാൾ അല്പം വേഗത കുറച്ച് വാഹനം ഓടിക്കുക.
മുമ്പിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണം.
വളവുകളിൽ സാവധാനത്തിൽ ബ്രേക്ക് അമർത്തുക.
വാഹനത്തിന്റെ ടയർ,ബ്രേക്ക്,ബ്രേക്ക് ലൈറ്റ്,ടെയിൽ ലാമ്പ്,വൈപ്പർ,ഇൻഡിക്കേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ രണ്ടു കൈയും ഹാൻഡിലിൽ മുറുകെപ്പിടിച്ച് വാഹനമോടിക്കാൻ ശ്രദ്ധിക്കണം.
ഡിംലൈറ്റ് പരമാവധി ഉപയോഗിക്കുക.
വലിയ വളവുകളിൽ എതിരെ വരുന്ന വാഹനത്തിന് സൂചനക്കായി ബ്രൈറ്റ് മോഡ് ഉപയോഗിക്കാം
ഹെൽമെറ്റ് ധരിക്കുക, ചിൻസ്ട്രാപ്പ് ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അമിതവേഗവും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയുള്ള യാത്രകളും ഒഴിവാക്കണം.
റോഡിന്റെ കിടപ്പും അപകടകാരണം
ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ. ഡ്രൈവറുടെ ശ്രദ്ധ പാളിയാൽ എതിരെവരുന്ന വാഹനവുമായി കൂട്ടിയിടിക്കും. റോഡിന്റെ ഇരുവശവുമുള്ള കാടാണ് ഡ്രൈവർമാരുടെ സ്ഥിരം ശാപം.
ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റി കയറ്റം കയറുന്ന വാഹനത്തിൽ ഇടിക്കും. ഇങ്ങനെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്.
മരണപ്പാച്ചിലും
വഞ്ചുവം,മഞ്ഞക്കോട്ടുമൂല,ഇളവട്ടം,താന്നിമൂട്,പ്ലാവറ,എക്സ് കോളനി എന്നിവിടങ്ങളിൽ അപകടമരണങ്ങൾ പതിവാണ്. അന്തർ സംസ്ഥാന വാഹനങ്ങളും ടിപ്പർ, മീൻ ലോറികളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് കടന്നുപോകുന്നത്. ഒരു വർഷത്തിനിടെ നൂറുകണക്കിന് അപകടങ്ങളാണുണ്ടാകുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ മത്സരയോട്ടവും തുടരുകയാണ്.
നിയന്ത്രണം വിട്ട് വാഹനം വന്നാൽ എതിർ ദിശയിലെ വാഹനം നിറുത്താനുള്ള സൗകര്യം ഇല്ല. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂവീലറുകൾ അടക്കമുള്ള ചെറിയ വാഹങ്ങൾ ചാലിൽ തെന്നി വീഴും. ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ടെങ്കിലും പരസ്പരം പഴിചാരുകയാണ്.
പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്.